കാസർകോട് വെടിവെപ്പ്: 25 മുസ്ലിം ലീഗ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു
text_fieldsകാസർകോട്: പൊലിസ് വെടിവെപ്പിലും കത്തിക്കുത്തിലും രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ അക്രമിച്ചുവെന്ന കേസിൽ 25 മുസ്ലിം ലീഗ് പ്രവർത്തകരെ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) വെറുതെ വിട്ടു. 2009 നവമ്പർ 15ന് വൈകീട്ട് കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, അടക്കമുള്ള നേതാക്കൾക്ക് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ വിചാരണ നടപടികൾ നേരിട്ട 25 ലീഗ് പ്രവർത്തകരെയാണ് കോടതി വെറുതെ വിട്ടയച്ചത്.
അന്നത്തെ ജില്ലാ പോലീസ് ചീഫ് രാംദാസ് പോത്തൻ്റെ പരാതിയിൽ കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 50 പ്രതികളാണ് ഉണ്ടായിരുന്നത്. 50 ഓളം ലീഗ് പ്രവർത്തകർ അന്യായമായി സംഘടിച്ച് പൊലിസിനെ അക്രമിക്കാൻ ശ്രമിച്ചുവെന്നാണ് അന്നത്തെ ജില്ലാ പൊലിസ് മേധാവി രാംദാസ് പോത്തന്റെ പരാതി. വാഹനങ്ങൾക്കും കടകൾക്കും, പൊലീസിനും നേരെ അക്രമം നടത്തിയെന്നും സംഘത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജും ടിയർഗ്യാസും പ്രയോഗിച്ചിട്ടും പിരിഞ്ഞ് പോകാത്തതിനെ തുടർന്ന് പൊലീസ് നടത്തിയ വെടിവെയ്പ്പിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടുവെന്നും പരാതിയിലുണ്ട്.
അന്നുണ്ടായ കലാപത്തിൽ രണ്ട് ലീഗ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കറന്തക്കാട് വച്ച് ബി. ജെ.പി പ്രവർത്തകർ യൂത്ത് ലീഗ് പ്രവർത്തകനായ കുമ്പള പോലീസ്കോയിപ്പാടി സ്വദേശിയെ കുത്തി കൊലപ്പെടുത്തിയിരുന്നു. പൊലീസ് വെടിവെയ്പ്പിൽ ചെറുവത്തൂർ കൈതക്കാട് സ്വദേശിയും കൊല്ലപ്പെട്ടിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. കെ.കെ.മുഹമ്മദ് ശാഫി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

