കെ.എ.എസ് അഴിച്ചുപണി: ഇരട്ട അപേക്ഷക്ക് പൂട്ട്
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) നിയമനങ്ങളിൽ മാറ്റം ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച കരട് ഭേദഗതിയിലെ വ്യവസ്ഥ പ്രകാരം ഒരാൾക്ക് സ്ട്രീം രണ്ടിലും മൂന്നിലും ഒരുമിച്ച് അപേക്ഷിക്കാനുള്ള സാധ്യതയും അടയും. കെ.എ.എസിനായി നീക്കിവെച്ച 29 വകുപ്പുകളുടെ പട്ടിക ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണം. ഗെസറ്റഡ് റാങ്കിൽ ഉൾപ്പെടാത്ത 40 വയസ്സുവരെയുള്ള സർക്കാർ ജീവനക്കാർക്കുള്ളതാണ് സ്ട്രീം രണ്ട്. 50 വയസ്സുവരെയുള്ള ഗെസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് സ്ട്രീം മൂന്നും.
‘കെ.എ.എസ്. പട്ടികയിലുള്ള 29 വകുപ്പുകളിലെ ഒന്നാം ഗെസറ്റഡ് ഉദ്യോഗസ്ഥർ സ്ട്രീം രണ്ടിൽ അപേക്ഷിക്കരുത്’ എന്ന് മാത്രമേ പഴയ ചട്ടത്തിലുണ്ടായിരുന്നുള്ളൂ. ഈ 29 വകുപ്പുകൾക്ക് പുറത്ത് മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുന്ന അക്കൗണ്ട്സ് ഓഫിസർമാരെപ്പോലുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് സ്ട്രീം മൂന്നിൽ അപേക്ഷിക്കാനുള്ള സ്വാഭാവിക അർഹതക്കൊപ്പം 40 വയസ്സ് പൂർത്തിയായില്ലെങ്കിൽ രണ്ടാം സ്ട്രീമിലും അപേക്ഷിക്കാമായിരുന്നു. ഈ പഴുതാണ് അടക്കുന്നത്.
പ്രമോഷൻ നഷ്ടപ്പെടാത്തവർക്ക് ഇനി സ്ട്രീം മൂന്നില്ല
ഏത് ഉദ്യോഗസ്ഥന്റെ തസ്തികയാണോ കെ.എ.എസിലേക്ക് മാറ്റിവെച്ചിട്ടുള്ളത്, ആ ഉദ്യോഗസ്ഥർക്ക് മാത്രമേ ഇനി സ്ട്രീം മൂന്നിൽ അപേക്ഷിക്കാൻ കഴിയൂ. കെ.എ.എസ് രൂപവത്കരണം കാരണം തങ്ങളുടെ പ്രമോഷൻ തസ്തികകൾ നഷ്ടപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് മാത്രമായി സ്ട്രീം 3ന്റെ ആനുകൂല്യം പൂർണമായും ലഭിക്കുമെന്ന് ഈ ഭേദഗതി ഉറപ്പാക്കുന്നു. 2018ലെ ചട്ടത്തിൽ ‘ബൈ ട്രാൻസ്ഫർ അപ്പോയന്റ്മെന്റ്’ എന്നായിരുന്ന സ്ഥാനത്ത്, പുതിയ ഭേദഗതിയിൽ അർഹരായ ഉദ്യോഗസ്ഥർക്കിടയിൽ നിന്നുള്ള ‘ബൈ ഡയറക്ട് റിക്രൂട്ട്‌മെന്റ്’ എന്നാക്കി മാറ്റിയിട്ടുണ്ട്. കെ.എ.എസ് കാരണം പ്രമോഷൻ നഷ്ടപ്പെടാത്ത മറ്റ് പല വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരും സ്ട്രീം 3 വഴി കെ.എ.എസിൽ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
ശമ്പളം കമീഷൻ തീരുമാനിക്കും
ശമ്പള സ്കെയിൽ സംബന്ധിച്ച് ഓരോ കേഡറിനുമുള്ള ഫിക്സഡ് പേ സ്കെയിലുകളും 10 ശതമാനത്തിൽ കുറയാത്ത ഗ്രേഡ് പേയും നിശ്ചയിച്ചിട്ടുള്ള നിലവിലെ രീതി ഒഴിവാക്കി. ഇനി മുതൽ ശമ്പള പരിഷ്കരണ കമീഷൻ ശിപാർശകളുടെയോ അല്ലെങ്കിൽ സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ വഴിയോ ആകും ശമ്പള സ്കെയിൽ തീരുമാനിക്കുക. കെ.എ.എസ് സ്ട്രീം ഒന്നുവഴി നിയമനം നേടുന്ന ഉദ്യോഗാർഥിയുടെ സ്വഭാവവും പശ്ചാത്തലവും നിയമനത്തിന് മുമ്പായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നത് നിർബന്ധമാക്കി. നിലവിൽ ഇത്തരമൊരു നിബന്ധനയില്ല.

