കെ.എ.എസ് സംവരണം ശരി– കേരളം
text_fieldsന്യൂഡൽഹി: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) പ്രവേശനത്തിലെ സംവരണ രീതി നിശ്ചയിക്കാനുള്ള സർക്കാറിെൻറ അധികാരം വ്യക്തമാക്കി സുപ്രീംകോടതിയിൽ കേരളത്തിെൻറ സത്യവാങ്മൂലം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന ഒറ്റ കാരണത്തിെൻറ പേരിൽ ഒ.ബി.സി വിഭാഗത്തിൽപെടുന്നവർ അടക്കമുള്ളവർക്ക് സംവരണം നിഷേധിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
ഒരിക്കൽ സംവരണത്തിലൂടെ സർക്കാർ സർവിസിൽ പ്രവേശിച്ചവർക്ക് കെ.എ.എസിൽ വീണ്ടും സംവരണം നൽകുന്നത് ഇരട്ട സംവരണമാണെന്ന സമസ്ത നായർ സമാജത്തിെൻറയും മറ്റും വാദം തള്ളിയാണ് സർക്കാർ സത്യവാങ്മൂലം. കെ.എ.എസ് ചട്ട ഭേദഗതി ശരിവെച്ച ഹൈകോടതിയുടെ നവംബര്‍ 30ലെ വിധിയാണ് ഹരജിക്കാര്‍ ചോദ്യംചെയ്തത്.
സർക്കാറിെൻറ നയപരമായ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് കെ.എ.എസ് രൂപവത്കരിക്കുന്നത്. അതിലേക്ക് സംവരണം വേണ്ടെന്നുവെക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതിന് തുല്യമാണ്.
സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ട്. ഇരട്ട സംവരണം കൊണ്ടുവന്നത് സർക്കാറിെൻറ നയപരമായ തീരുമാനമാണ്. സ്ഥാനക്കയറ്റത്തിലൂടെയോ സ്ഥലം മാറ്റത്തിലൂടെയോ ലഭിക്കുന്ന നിയമനമല്ല, പുതിയ തെരഞ്ഞെടുക്കലാണെന്നിരിക്കേ, സംവരണം നിഷേധിക്കാൻ കഴിയില്ല- സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഇപ്പോൾ സർക്കാർ സർവിസിലുള്ളവർക്ക് കെ.എ.എസ് പ്രവേശനം കിട്ടാൻ പരീക്ഷയും ഇൻറർവ്യൂവും പാസാകണം. ഫലത്തിൽ പുതിയ നിയമനത്തിന് തുല്യമാണിത്. ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ, ആദ്യ ഭരണപരിഷ്കാര കമീഷനാണ് സംസ്ഥാന സിവില്‍ സര്‍വിസ് എന്ന ആശയം കൊണ്ടുവന്നത്. ഇരട്ട സംവരണം കൊണ്ടുവരാൻ അഡ്വക്കേറ്റ് ജനറലിെൻറ നിയമോപദേശം തേടിയിരുന്നതായും സത്യവാങ്മൂലത്തിൽ പറഞ്ഞു. അഡീഷനൽ ചീഫ് സെക്രട്ടറി ആശ തോമസാണ് സംസ്ഥാന സർക്കാറിനു വേണ്ടി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.