കരുവന്നൂർ: ഇ.ഡി അന്വേഷണം കൂടുതൽ പേരിലേക്ക്; സ്വർണവും 20 കോടിയുടെ രേഖകളും പിടിച്ചെടുത്തു
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം കൂടുതൽ പേരിലേക്ക്. നേരത്തേ അറസ്റ്റിലായ ബിനാമി ഇടപാടുകാരനും മുഖ്യപ്രതിയുമായ പി. സതീഷ് കുമാർ, ബാങ്കിലെ മുൻ ജീവനക്കാരൻ പി.പി. കിരൺ എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
അതേസമയം, ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തിയ പരിശോധനയിൽ സ്വർണവും പണവും കോടികളുടെ ഇടപാട് നടത്തിയതിന്റെ രേഖകളും പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ വിവരങ്ങൾ തേടി സംസ്ഥാനത്ത് ഒമ്പതിടത്താണ് ഇ.ഡി പരിശോധന നടത്തിയത്.
ജ്വല്ലറി ഉടമ സുനിൽകുമാറിന്റെ വീട്ടിൽനിന്ന് 800 ഗ്രാം സ്വർണവും അഞ്ചര ലക്ഷം രൂപയും പിടിച്ചെടുത്തതായി ഇ.ഡി അധികൃതർ അറിയിച്ചു. കരുവന്നൂർ ബാങ്കിൽനിന്ന് 18.5 കോടി വായ്പയെടുത്ത് ഒളിവിൽ പോയ അനിൽകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 കോടിയുടെ മൂല്യം വരുന്ന അഞ്ച് രേഖകളും കേസിലെ ഒന്നാം പ്രതി പി. സതീഷ് കുമാറുമായി അടുത്ത ബന്ധമുള്ള കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽനിന്ന് അഞ്ചുകോടിയുടെ മൂല്യമുള്ള 19 രേഖകളും കണ്ടെടുത്തിട്ടുണ്ട്. സതീഷ് നടത്തിയ ബിനാമി ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 25ഓളം വസ്തുക്കളുടെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് ആധാരം എഴുത്തുകാരുടെ ഓഫിസുകളിൽനിന്ന് ലഭിച്ചത്. വായ്പാ തട്ടിപ്പിൽ രണ്ട് സി.പി.എം നേതാക്കളെ ഇടനിലക്കാരാക്കി കരാർ ഉണ്ടാക്കിയതിന്റെയും ഇവർ സതീഷിനൊപ്പം കരുവന്നൂർ ഉൾപ്പെടെ സഹകരണബാങ്കുകളിൽ എത്തിയതിന്റെയും തെളിവുകൾ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.
തൃശൂർ സർവിസ് സഹകരണ ബാങ്കിലെ പരിശോധനക്ക് പിന്നാലെ ബാങ്ക് സെക്രട്ടറി എൻ.വി. ബിനു, തൃശൂർ കോർപറേഷനിലെ സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാട, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ എന്നിവരെ ചൊവ്വാഴ്ച ഇ.ഡി ചോദ്യം ചെയ്തു. രാവിലെ ഒമ്പതരയോടെയാണ് സുനിൽകുമാർ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരായത്. ചോദ്യം ചെയ്യൽ വൈകീട്ട് വരെ നീണ്ടു. എ.സി. മൊയ്തീൻ എം.എൽ.എക്ക് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായുള്ള ബന്ധം സ്ഥിരീകരിക്കാനുള്ള ശ്രമമാണ് ഇ.ഡി നടത്തുന്നത്. മൊയ്തീന്റെ ബിനാമിയായി ഇയാൾ പ്രവർത്തിച്ചു എന്നാണ് നിഗമനം. ബിനാമി വായ്പകൾ അനുവദിക്കാൻ നിർദേശം നൽകിയതിലൂടെ മൊയ്തീൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതും പരിശോധന വിഷയമാണ്.
ഇതിനിടെ, കേസിലെ അന്വേഷണ വിവരങ്ങൾ പൊലീസ് ചോർത്തുന്നു എന്ന ഗുരുതര ആരോപണവുമായി ഇ.ഡി രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കൊച്ചി ഓഫിസിലെത്തുന്നവരുടേതടക്കം വിവരങ്ങൾ ചോർത്തുന്നു എന്നാണ് ആരോപണം. തങ്ങളുടെ അന്വേഷണ ഉദ്യോഗസ്ഥരെ പൊലീസ് രഹസ്യമായി പിന്തുടരുന്നു, പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ മഫ്തി പൊലീസിനെ വിന്യസിച്ച് വിവരങ്ങൾ ചോർത്തുന്നു എന്നീ പരാതികളും ഇ.ഡിക്കുണ്ട്. ഇക്കാര്യങ്ങൾ ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് അറിയിക്കാനാണ് കൊച്ചി യൂനിറ്റിന്റെ തീരുമാനം.