കള്ളപ്പണക്കേസ്: മുഴുവൻ സ്വത്തും കണ്ടുകെട്ടുന്നത് നിയമപരമല്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പി.എം.എൽ.എ) പ്രകാരം കേസുകളിൽ ഉൾപ്പെടുന്നവരുടെ മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടൽ സാധ്യമല്ലെന്ന് ഹൈകോടതി. കുറ്റകൃത്യം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കാലഘട്ടത്തിനുമുമ്പ് സമ്പാദിച്ച സ്വത്ത്, കണ്ടുകെട്ടലിൽ നിന്ന് ഒഴിവാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലുൾപ്പെട്ട തങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികളും മുതിർന്ന പൗരരുമായ ഡേവി വർഗീസും ലൂസിയും നൽകിയ ഹരജി ഭാഗികമായി അനുവദിച്ചാണ് ഉത്തരവ്.
ഹരജിക്കാരും ബിസിനസ് പങ്കാളികളും ചേർന്ന് കരുവന്നൂർ ബാങ്കിൽനിന്ന് 3.49 കോടിയുടെ അനധികൃത വായ്പ തരപ്പെടുത്തിയെന്നാണ് കേസ്. കുറ്റം നടന്നുവെന്ന് ആരോപിക്കപ്പെടുന്നത് 2014ലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുക്കുന്നത് 2022ലുമാണ്. എന്നാൽ 1987, 97, 99 വർഷങ്ങളിൽ ഇവർ വാങ്ങിയ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടി.
എല്ലാ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയതിനാൽ ദൈനംദിന ചെലവിനുപോലും പണമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. വായ്പ തുകയെക്കാൾ വിലമതിക്കുന്ന 8.5 കോടിയുടെ വസ്തുക്കൾ ബാങ്കിൽ ഈടുനൽകിയിരുന്നതാണെന്നും ബോധിപ്പിച്ചു.
എന്നാൽ, 1987ൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പോലും പ്രാബല്യത്തിലുണ്ടായിരുന്നില്ലെന്ന് വിലയിരുത്തിയ കോടതി 2014നുമുമ്പ് സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടിയത് നിയമപരമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

