കരുവന്നൂർ ബാങ്കിലുണ്ട് 12 ലക്ഷം; കാരുണ്യത്തിനായി കയറിയിറങ്ങി ജോസഫും കുടുംബവും
text_fieldsഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിൽ 12 ലക്ഷം രൂപ കിടക്കുമ്പോഴും ചികിത്സക്കും കുടുംബാവശ്യങ്ങൾക്കുമായി ദിവസവും ബാങ്കിന്റെ പടികള്‍ കയറിയിറങ്ങുന്ന ഹതഭാഗ്യവാന്മാരുടെ നീണ്ട പട്ടികയിലെ പേരുകാരിലൊരാളാണ് മാപ്രാണം പള്ളിക്ക് അടുത്ത് താമസിക്കുന്ന തെങ്ങോലപറമ്പില്‍ 68കാരനായ ജോസഫും കുടുംബവും.
ഭാര്യയും മൂന്നു മക്കളുമുള്ള ജോസഫ് ഗള്‍ഫില്‍ ഡ്രൈവറായിരുന്നു. നീണ്ട കാലത്തെ പ്രവാസ ജീവതത്തിന് ശേഷം അവിടെ നിന്ന് ചോര നീരാക്കി കിട്ടിയ സമ്പാദ്യവുമായി നാട്ടിലെത്തിയ ജോസഫ് കുറച്ചു കടം ഉള്ളത് വീട്ടി. ബാക്കിയുള്ള 12 ലക്ഷം രൂപ കരുവന്നൂര്‍ സർവിസ് സഹകരണ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. എബിന്, വിപിന്‍, സിബിന് എന്നിങ്ങനെ ഒരു പ്രസവത്തിൽ പിറന്ന മൂന്ന് ആൺമക്കളാണ് ജോസഫിനുള്ളത്.
28കാരായ മക്കളിൽ എബിനും സിബിനും സെറിബ്രൽപാള്‍സി രോഗത്തിന്റെ പിടിയിലാണ്. ഒരാള്‍ക്ക് നടക്കാന്‍ പരസഹായം വേണം. മറ്റൊരാള്‍ക്ക് സംസാരിക്കാൻ പ്രയാസമാണ്. മൂന്നു പേരില്‍ വിപിന്‍ ഇപ്പോള്‍ ഗള്‍ഫിലാണ്.
വൃക്കരോഗത്തിന്റെ ചികിത്സയിലാണ് ജോസഫ്. ഭാര്യ റാണിയും അസുഖബാധിതയാണ്. വീട്ടു ചെലവിനും ഭാര്യയുടെയും മക്കളുടെയും ചികിത്സക്കുമായി ബാങ്കിനെ സമീപിക്കുമ്പോള്‍ മോശമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് ജോസഫ് പറയുന്നു. വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ വിറ്റു.
ആറ് മാസം മുമ്പ് 30,000 രൂപയുടെ ബോണ്ട് മാറിയെടുക്കാന്‍ ബാങ്കില്‍ കൊടുത്തിട്ട് 10,000 രൂപ മാത്രമാണ് കിട്ടിയത്. ബാക്കിയുള്ള 20,000 രൂപക്ക് വേണ്ടി ബാങ്കില്‍ ചെല്ലുമ്പോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റവും ചീത്തപറച്ചിലും കാരണം ഇപ്പോള്‍ ബാങ്കിലേക്ക് പോകുന്നില്ലെന്നും ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

