കരുവന്നൂർ: സി.ബി.ഐ അന്വേഷണ ആവശ്യം തള്ളി ഹൈകോടതി
text_fieldsകൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന മുൻ ജീവനക്കാരൻ എം.വി. സുരേഷിന്റെ ആവശ്യം ഹൈകോടതി തള്ളി. പല കേസുകളിലും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുകയും വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്ത സാഹചര്യം വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സി.ബി.ഐ അന്വേഷണം ആവശ്യം തള്ളിയത്. മറ്റ് ചില കേസുകളിൽ അന്വേഷണം അന്തിമഘട്ടത്തിലാണ്. തുടർന്നാണ് നിലവിലെ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും അതേസമയം, 2021 മുതലുള്ള കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും വ്യക്തമാക്കി കോടതി ഹരജി തീർപ്പാക്കിയത്. വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണവും നടക്കുന്നുണ്ട്.
ഒരു പ്രധാന കേസും 21 അനുബന്ധ കേസുകളുമാണ് കരുവന്നൂർ വിഷയത്തിൽ അന്വേഷിച്ചുവരുന്നത്. പ്രധാന കേസിൽ രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. 21 കേസുകളിൽ പത്തെണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു. 11 കേസുകളിൽ അന്വേഷണം ഏറക്കുറെ പൂർത്തിയായെങ്കിലും ഫോറൻസിക് റിപ്പോർട്ടിനും ചില രേഖകൾക്കും അന്വേഷണ ഉദ്യോഗസ്ഥർ കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് ഹരജി തീർപ്പാക്കിയത്. അതേസമയം, യഥാർഥ കുറ്റവാളികളെയെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.
കുറ്റപത്രം സമർപ്പിച്ചശേഷവും ഹരജിക്കാരന് പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. ഇ.ഡി റിപ്പോർട്ടിൽ (ഇ.സി.ഐ.ആർ) പേരുള്ള എല്ലാവരുടെയും പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നേരത്തേ കോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

