കരുവന്നൂരിൽ 500 കോടിയുടെ ക്രമക്കേടെന്ന് ഇ.ഡി കണ്ടെത്തൽ
text_fieldsതൃശൂർ അയ്യന്തോൾ സഹകരണ ബാങ്കിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ പുറത്ത് കാവൽ നിൽക്കുന്ന പൊലീസും സി.ആർ.പി.എഫ് സേനാംഗങ്ങളും
തൃശൂർ/ കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലുണ്ടായത് 500 കോടിയുടെ ക്രമക്കേടെന്ന് ഇ.ഡി (എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്). 150 കോടിയുടെ തട്ടിപ്പെന്ന ആദ്യ നിഗമനങ്ങൾ തിരുത്തിയാണ് ഇ.ഡിയുടെ പുതിയ നിഗമനം. ഇത് ഇനിയും വർധിച്ചേക്കുമെന്ന സൂചനയും ഇ.ഡി വൃത്തങ്ങൾ നൽകുന്നു.
ബാങ്ക് തട്ടിപ്പുകേസിലെ കള്ളപ്പണ ഇടപാട് അന്വേഷണത്തിന്‍റെ ഭാഗമായി തൃശൂരിൽ വീണ്ടും ഇ.ഡി പരിശോധനക്കെത്തി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണൻ പ്രസിഡന്‍റായ തൃശൂർ സർവിസ് സഹകരണ ബാങ്ക്, കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി പി. സതീഷ് കുമാർ ഇടപാട് നടത്തിയതായി കണ്ടെത്തിയ അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലും മൂന്ന് ആധാരമെഴുത്തുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ജ്വല്ലറിയിലുമാണ് പരിശോധന നടത്തിയത്.
കരുവന്നൂർ സഹകരണ ബാങ്കിൽ സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണമാണ് കൂടുതൽ ബാങ്കുകളിലേക്കും സി.പി.എം നേതാക്കളിലേക്കും നീളുന്നത്. സതീഷ് കുമാറിന്‍റെ ബിനാമികളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.
സായുധ സേനാംഗങ്ങളുമായി രാവിലെ എട്ടോടെ തൃശൂർ സർവിസ് സഹകരണ ബാങ്കിൽ എത്തിയ ഇ.ഡി സംഘം, കണ്ണനെ അവിടേക്കു വിളിച്ചുവരുത്തിയായിരുന്നു പരിശോധന ആരംഭിച്ചത്.
കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക് അടക്കം തൃശൂർ ജില്ലയിലെ നാല് സഹകരണ ബാങ്കുകൾ വഴി പുറത്തേക്ക് കടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. കണ്ണനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. തൃശൂർ സഹകരണ ബാങ്ക്, അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക്, സതീഷ് കുമാറുമായി ബന്ധമുള്ള ചേർപ്പ് വെങ്ങിണിശേരി സ്വദേശി കൊന്നക്കപറമ്പിൽ സുനിൽകുമാറിന്‍റെ കുരിയച്ചിറ ഗോസായിക്കുന്നിലെ എസ്.ടി ജ്വല്ലറി, വെങ്ങിണിശേരിയിലെ വീട്, സതീഷ് കുമാറിന് വേണ്ടി ആധാരങ്ങളും രേഖകളും തയാറാക്കിയിരുന്ന വിയ്യൂരിലെ ജോഫി കൊള്ളന്നൂർ, തൃശൂരിലെ ജോസ് കൂനംപ്ലാക്കൻ, തൃശൂരിലെ സാംസൺ എന്നീ ആധാരമെഴുത്തുകാരുടെ വീടും ഓഫിസുകളും സതീഷ് കുമാറിന്‍റെ ഇടപാടിലെ പങ്കാളി ചേർപ്പ് സ്വദേശി അനിൽകുമാറിന്‍റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വിദേശത്തുനിന്നെത്തിച്ചു കള്ളപ്പണം വെളുപ്പിച്ചതിന് പുറമേ പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം വൻതോതിൽ കൈക്കൂലിപ്പണവും സതീഷ് കുമാർ സഹകരണ ബാങ്കുകളിലൂടെ വെളുപ്പിച്ചിട്ടുണ്ടെന്നും ഇ.ഡി പറയുന്നു. മാസപ്പലിശക്ക് സതീഷിന്റെ കൈയിൽ പണം കൊടുക്കുകയായിരുന്നു ഇവരുടെ രീതി. ഇവരിൽനിന്നു സ്വരൂപിച്ച പണമടക്കം വിവിധ സഹകരണ ബാങ്കുകളിലെ ബിനാമി അക്കൗണ്ടുകളിൽ നിക്ഷേപിച്ചു വെളുപ്പിച്ചെടുക്കുകയായിരുന്നു സതീഷ് കുമാറിന്‍റെ രീതി.
സി.പി.എം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലൂടെ സതീഷ് കുമാർ 10 വർഷത്തിനിടെ വെളുപ്പിച്ചത് കോടികളുടെ കള്ളപ്പണമാണെന്നാണ് വിവരം. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള നാല് അക്കൗണ്ടുകളിലേക്ക് സതീഷ് പണം നിക്ഷേപിച്ചശേഷം പിൻവലിച്ചതിന്‍റെ രേഖകൾ ഇ.ഡി കണ്ടെടുത്തിട്ടുണ്ട്.
ഇതിനിടെ, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വ്യവസായി ദീപക്കിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) പരിശോധന. ഹൈകോടതി ജങ്ഷന് സമീപത്തെ വീട്ടിലാണ് തിങ്കളാഴ്ച രാവിലെ പരിശോധന നടത്തിയത്. കേസിൽ അറസ്റ്റിലായ പി.പി. കിരണുമായി അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധനയെന്നാണ് വിവരം. കിരൺ തട്ടിയെടുത്ത 24 കോടിയിൽ അഞ്ചരക്കോടി ദീപക് വഴിയാണ് വെളുപ്പിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.