Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവന്നൂർ കള്ളപ്പണ...

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്: പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കലൂർ പി.എം.എൽ.എ കോടതി, കെട്ടിച്ചമച്ച കേസെന്ന് എ.സി. മൊയ്ദീൻ

text_fields
bookmark_border
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്: പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കലൂർ പി.എം.എൽ.എ കോടതി, കെട്ടിച്ചമച്ച കേസെന്ന് എ.സി. മൊയ്ദീൻ
cancel

തൃശൂർ: തൃശൂർ കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം നേതാക്കൾക്ക് തിരിച്ചടി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കലൂർ പി.എം.എൽ.എ കോടതി പറഞ്ഞു. സി.പി.എം നേതാക്കളായ കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് അടക്കമുള്ള 28 പ്രതികൾക്ക് കോടതി നോട്ടീസയച്ചു. ബി.എൻ.എസ് പ്രകാരം കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ പ്രതികൾക്ക് അവരുടെ ഭാഗം പറയാൻ അവസരമുണ്ട്.

കേസിൽ 28 പ്രതികൾ തങ്ങൾക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയിൽ വാദിച്ചു. കെ. രാധാകൃഷ്ണൻ, എ.സി. മൊയ്ദീൻ, എം.എം. വർഗീസ് അടക്കമുള്ളവരാണ് വാദം ഉന്നയിച്ചത്. എന്നാൽ, ഈ വാദം കോടതി തള്ളി. പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ടിയാൽ തെളിവുണ്ടെന്നും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ആവശ്യപ്പെട്ടാണ് സമൻസ് അയച്ചത്. അടുത്തമാസം നാലിന് നേരിട്ട് ഹാജരാകാനാണ് നിർദേശം.

സഹകരണ ബാങ്കിൽ തട്ടിപ്പ് നടക്കുന്ന കാലയളവിൽ കെ. രാധാകൃഷ്ണൻ, എ.സി. മൊയ്ദീൻ, എം.എം. വർഗീസ് എന്നിവർ സി.പി.എം ജില്ല സെക്രട്ടറിമാരായിരുന്നു. സി.പി.എം പാർട്ടിയുടെ പേരും പ്രതി പട്ടികയിലുണ്ട്. ആകെ 83 പ്രതികളാണുള്ളത്. പ്രതികൾ തട്ടിപ്പിലൂടെ 180 കോടി സമ്പാദിച്ചെന്നാണ് ഇ.ഡി ആരോപിക്കുന്നത്. 128 കോടി പ്രതികളിൽനിന്ന് കണ്ടുകെട്ടിയിരുന്നു.

അതേസമയം, കേസിൽ ഇ.ഡി കണ്ടുകെട്ടിയ സ്വത്ത് ആവശ്യപ്പെടാതെ കരുവന്നൂർ ബാങ്ക്. കുറ്റപത്രം സമർപ്പിച്ച കേസിൽ സ്വത്ത് വിട്ട് നൽകാൻ ഇ.ഡി തയാറായിട്ടും തിരികെ വാങ്ങി നിക്ഷേപകർക്ക് നൽകാൻ ബാങ്ക് തയാറാകുന്നില്ല. കുറ്റപത്രം സമർപ്പിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും ബാങ്ക് നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്ക് ശേഷം രണ്ട് മാസം മുമ്പാണ് കേസിൽ ഇ.ഡി അന്തിമ കുറ്റപത്രം സമർപ്പിച്ചത്. പി.എം.എൽ.എ നിയമ പ്രകാരം കുറ്റപത്രം സമർപ്പിച്ചാൽ വിധി വരുന്നതിന് മുമ്പേ പ്രതികളിൽനിന്ന് കണ്ടുകെട്ടിയ സ്വത്ത് ലഭിക്കാൻ അവസരമുണ്ട്.

കരുവന്നൂർ കേസിൽ കുറ്റപത്രം നൽകി രണ്ടുമാസം കഴിഞ്ഞിട്ടും പ്രതികളിൽനിന്ന് കണ്ടുകെട്ടിയ സ്വത്ത് ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടുകെട്ടിയ 180 കോടിയുടെ സ്വത്ത് ബാങ്കിന് നൽകാൻ ഇ.ഡി തയാറാണ്. സ്വത്ത് നൽകുന്നതിന് ഇ.ഡി സന്നദ്ധത അറിയിച്ചിട്ടും ബാങ്ക് കോടതിയെ സമീപിക്കുന്നില്ല. ബാങ്കിലെ നിക്ഷേപകരായ ഏഴു വ്യക്തികൾ ഇ.ഡി കണ്ടുകെട്ടിയ സ്വത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, ബാങ്കിന് മാത്രമാണ് നിയമപരമായി സ്വത്ത് ലഭിക്കുക. പ്രതികളിൽനിന്ന് ലഭിച്ച കണ്ടുകെട്ടിയ സ്വത്തുകൾ ബാങ്കിന് നിക്ഷേപകർക്ക് നൽകാൻ കഴിയും. എന്നാൽ, കോടതിയെ സമീപിക്കാതെ ഈ സാധ്യതകൾ നീട്ടിക്കൊണ്ടുപോകുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആക്ഷേപവും ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A.C MoideenPMLA courtK. RadhakrishnanMM VargheseKaruvannur Bank CaseBlack money transaction
News Summary - Karuvannur black money transaction case: Kaloor PMLA court says there is prima facie evidence against the accused, A.C. Moideen says the case is fabricated
Next Story