കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, വിചാരണ ചെയ്യാം -പി.എം.എൽ.എ കോടതി
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി.പി.എം നേതാക്കൾക്കെതിരേയും പാർട്ടിക്കെതിരേയും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. പ്രതികളെ വിചാരണ ചെയ്യാനുള്ള അനുമതിയും നൽകി. ഇത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി.
സി.പി.എം നേതാക്കളായ എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.എം. വർഗീസ് തുടങ്ങിയ 28 പ്രതികളേയും വിചാരണ ചെയ്യാനാണ് പി.എം.എൽ.എ കോടതി (കള്ളപ്പണ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ നിയോഗിക്കുന്ന പ്രത്യേക കോടതി) അനുമതി നൽകിയിരിക്കുന്നത്. നേതാക്കളെ കൂടാതെ സി.പി.എമ്മിനേയും പ്രതിചേർത്താണ് ഇ.ഡി കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കെ.രാധാകൃഷ്ണൻ എം.പി, എ.സി മൊയ്തീൻ എം.എൽ.എ, എം.എം വർഗീസ് അടക്കമുള്ള പ്രതികൾ ജൂലൈ 4 ന് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
232 കോടിയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തൽ. ഓരോ പ്രതിയുടേയും പേരിൽ 17 കേസുകളാണുള്ളത്. 83 പേരെ ഇ.ഡി പ്രതി ചേർത്തു. ഇതിൽ സി.പി.എം പാർട്ടിയും പ്രതിയാണ്. ക്രൈംബ്രാഞ്ച് പ്രതിചേർത്ത 31 പേരിൽ 13 പേരെ മാത്രമാണ് ഇഡി പ്രതികളാക്കിയത്.
പ്രതിപ്പട്ടികയിലുള്ള സി.പി.എമ്മിന്റെ സ്വത്തടക്കം 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കൾ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.
കേസിന്റെ ആദ്യ ഘട്ടത്തിൽ 55 പ്രതികൾക്കെതിരേ വിചാരണ നടപടികൾ ആരംഭിച്ചിരുന്നു. സി.പി.എമ്മുമായി ബന്ധമുള്ള പ്രധാനപ്പെട്ട 28 പ്രതികൾക്കെതിരേയുള്ള അനുബന്ധ കുറ്റപത്രമാണ് കോടതി പരിഗണനക്ക് എടുത്തത്. കുറ്റപത്രം വായിച്ച കോടതി പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.
കോടതി നിരീക്ഷണം സി.പി.എമ്മിന് വലിയ തിരിച്ചടിയാണ്. 67ാം പ്രതിയാണ് എ.സി മൊയ്തീൻ. സി.പി.എം രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ തട്ടിപ്പിന് കൂട്ടിനിന്ന് കമ്മീഷൻ പറ്റി എന്നാണ് ഇ.ഡി കണ്ടെത്തൽ. നിക്ഷേപകരുടെ പണം ബിനാമി വായ്പകളായി അനുവദിച്ചാണ് കമ്മീഷൻ തട്ടിയത്. ഈ തുക പാർട്ടിയുടെ അഞ്ച് രഹസ്യ അക്കൗണ്ടുകളിലൂടെ ഇ.ഡി കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് സ്വത്തും പണവും പാർട്ടി സമ്പാദിച്ചു. അനധികൃതമായി പാർട്ടി ബാങ്കിൽ ഇടപെട്ടു. ബാങ്ക് കമ്മിറ്റിക്ക് മുകളിൽ പാർട്ടി സബ് കമ്മിറ്റികളും പാർലമെന്ററി കമ്മിറ്റി ഫ്രാക്ഷനും ഉണ്ടാക്കി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തു. കമ്മിറ്റിയിലെ അംഗങ്ങളെ തെരഞ്ഞെടുത്തത് പാർട്ടി ജില്ലാ കമ്മിറ്റിയാണ് എന്നും ഇ.ഡി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

