കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു
text_fieldsമലപ്പുറം: ബഹുഭാഷ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനുമായ കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു. 99 വയസ്സായിരുന്നു. ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും സാമൂഹിക-വിദ്യാഭ്യാസ പുരോഗതിക്കായി ജീവിതം സമർപ്പിച്ച അദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 11.45ഓടെയായിരുന്നു അന്ത്യം. മൃതദേഹം വൈകീട്ട് പടപ്പറമ്പ് കരിഞ്ചാപ്പാടി മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
കേരളത്തിലെ ആദ്യത്തെ മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടറും ആദ്യ സർക്കാർ അറബി അധ്യാപകരിലൊരാളുമായിരുന്ന കരുവള്ളി മൗലവി സലഫി പ്രസ്ഥാനത്തിെൻറ മുൻനിര നേതാവായിരുന്നു. സാക്ഷരത പ്രവര്‍ത്തനങ്ങളില്‍ തല്പരനായിരുന്ന അദ്ദേഹം വിദ്യാലയങ്ങളിൽ അറബിഭാഷ പഠനത്തിന് അടിത്തറയിട്ടു. 1957ല്‍ പ്രഥമ ഐക്യകേരള സര്‍ക്കാറിെൻറ അറബി ഭാഷാ പുസ്തക രൂപവത്കരണ കമ്മിറ്റിയുടെ കണ്‍വീനറായി. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സ്ഥാപക പ്രസിഡൻറാണ്. മുസ്ലിം സര്‍വിസ് സൊസൈറ്റി വൈസ് പ്രസിഡൻറായിരുന്നു.
കരിഞ്ചാപ്പാടി മഹല്ല് ജുമാമസ്ജിദ് ഖത്തീബായിരുന്ന കരുവള്ളി ഹൈദർ മുസ്ലിയാരുടെയും കടുങ്ങപുരം കരുവടി ഖദീജയുടെയും മകനായി 1919 ഏപ്രിൽ ഏഴിനായിരുന്നു മൗലവിയുടെ ജനനം. 1942ല്‍ ഉര്‍ദു അധ്യാപകനായി സമ്പൂര്‍ണ ഔദ്യോഗികജീവിതം ആരംഭിച്ച കരുവള്ളി മുഹമ്മദ് മൗലവി പിന്നീട് അറബിക്കിലേക്ക് മാറി.
1974ല്‍ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറായിരിക്കെയാണ് വിരമിച്ചത്. ആയിഷയായിരുന്നു ആദ്യ ഭാര്യ. ഇവരുടെ മരണശേഷം മറിയമ്മുവിനെ വിവാഹം ചെയ്തു. മക്കൾ: ഷമീമ, നാജിയ. മരുമക്കൾ: ഹനീഫ ചെങ്ങണക്കാട്ടിൽ, ഷമീർ അലി. പടപ്പറമ്പ് പാറമ്മൽ എൽ.പി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം പല തവണകളായാണ് ജനാസ നമസ്കാരം നടന്നത്.
കരുവള്ളി മുഹമ്മദ് മൗലവി നവോത്ഥാനത്തിെൻറ ചാലകശക്തി -ടി.പി. അബ്ദുല്ലക്കോയ മദനി
കോഴിക്കോട്: നവോത്ഥാനത്തിെൻറ ചാലകശക്തിയായി സഞ്ചരിച്ച് മുസ്ലിം സമുദായത്തിന് പ്രചോദനം നല്കിയ പരിഷ്കര്‍ത്താവാണ് കരുവള്ളി മുഹമ്മദ് മൗലവിയെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി. അദ്ദേഹം ജനാധിപത്യ മതേതര കാഴ്ചപ്പാട് പുലർത്തിയിരുന്നു. അറബി ഭാഷയുടെ വളര്‍ച്ചക്ക് വളരെയേറെ സംഭാവനയര്‍പ്പിക്കുകയും ചെയ്തുവെന്ന് അബ്ദുല്ലക്കോയ മദനി അനുസ്മരിച്ചു.
കരുവള്ളി മുഹമ്മദ് മൗലവി: വിട പറഞ്ഞത് തലമുറകളുടെ ഗുരുനാഥന് -എം.ഐ. അബ്ദുല്‍ അസീസ്
കോഴിക്കോട്: കരുവള്ളി മുഹമ്മദ് മൗലവിയുടെ വിയോഗത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അനുശോചിച്ചു. കേരള മുസ്ലിം നവോത്ഥാനത്തിന് നേതൃത്വം നല്കിയ പ്രമുഖ പണ്ഡിതനും ചരിത്രസാക്ഷിയുമാണ് മുഹമ്മദ് മൗലവി. അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം തലമുറകളുടെ അധ്യാപകനാണ്. വിനയവും ലാളിത്യവുമുള്ള ജീവിതശൈലിയുടെ ഉടമയുമായിരുന്നെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
