കൊച്ചുമുതലാളിയെ മാസ്ക് ധരിപ്പിക്കുന്ന കറുത്തമ്മയാണ് മാസ്
text_fieldsകോഴിക്കോട്: മാസ്ക് കൃത്യമായി ധരിക്കണം, ഏതു കൊച്ചുമുതലാളിയായാലും. ഇല്ലെങ്കിൽ കറുത്തമ്മ വരെ ഉപദേശിക്കാനെത്തും. കോവിഡ് വൈറസ് വ്യാപനം കുറക്കുന്നതിനായി മാസ്ക് ധരിക്കലാണ് പ്രധാന പ്രതിരോധമാർഗമെന്ന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
മാസ്ക് ധരിക്കാത്തവർക്ക് പിഴയും ശിക്ഷയുമടക്കം നടപ്പാക്കുന്നുണ്ടെങ്കിലും പലരുടെയും മാസ്ക് കഴുത്തിലാണ്. പൊലീസിനെ കാണുേമ്പാൾ മാസ്ക് കൃത്യമായി മുഖത്തെത്തുകയും ചെയ്യും. മാസ്ക് ധാരണത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിലടക്കം നിറഞ്ഞു. ഇത്തരത്തിൽ മാസ്ക് ധരിക്കാൻ ആവശ്യപ്പെടുന്ന കറുത്തമ്മയാണ് ഇപ്പോൾ താരം.

തൂവാല കഴുത്തിൽ കെട്ടിയിട്ടുവരുന്ന പരീക്കുട്ടിയോട് ‘കൊച്ചുമുതലാളി മാസ്ക് കഴുത്തിലല്ല മുഖത്ത് കെട്ടൂ’വെന്ന് മുഖം തിരിച്ചുനിന്ന് കറുത്തമ്മ ഒാർമപ്പെടുത്തുന്നു. ഇതിലും വലിയ ഒാർമപ്പെടുത്തൽ സ്വപ്നങ്ങളിൽ മാത്രം എന്ന അടിക്കുറിപ്പോടെ കോഴിക്കോട് സിറ്റ് പൊലീസ് ട്രോൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്തു.
എന്നാൽ ‘മുതലാളിയെ മാസ്കിടാതെ ഉപദേശിക്കുന്ന കറുത്തമ്മയാണ് മാസ്’ എന്നാണ് ഇപ്പോൾ സംസാരം. മാസ്കിടാതെ ഉപദേശിച്ച് മറ്റുള്ളവരെപ്പോലെ കറുത്തമ്മയും പൊതുസമൂഹത്തിന് ‘മാതൃക’യായെന്നാണ് ട്രോളിന് കീഴിൽ വന്ന ഒരു കമൻറ്.