സർക്കാർ ‘കരുണ’ കാട്ടിയ കോളജ് 30 വിദ്യാർഥികൾക്ക് നഷ്ടപ്പെടുത്തിയത് ഒരു വർഷവും ലക്ഷങ്ങളും
text_fieldsതിരുവനന്തപുരം: മെറിറ്റ് അട്ടിമറിച്ച് വിദ്യാർഥി പ്രവേശനം സംരക്ഷിക്കാൻ സർക്കാർ ഒാർഡിനൻസും ബില്ലും കൊണ്ടുവന്ന പാലക്കാട് കരുണ മെഡിക്കൽ േകാളജ് നഷ്ടപ്പെടുത്തിയത് 30 വിദ്യാർഥികളുടെ ഒരു വർഷവും ലക്ഷക്കണക്കിന് രൂപയും. 2016 -17 വർഷം കരുണ കോളജിൽ മെറിറ്റ് പ്രകാരം പ്രവേശനം ലഭിക്കേണ്ട കുട്ടികളെയാണ് കോളജ് റാങ്ക് പട്ടികയിൽനിന്ന് പുറത്താക്കി പകരം മെറിറ്റില്ലാത്തവരെ തിരുകിക്കയറ്റിയത്. ഇങ്ങനെ തിരുകിക്കയറ്റിയ കുട്ടികളുടെ പ്രവേശനം സാധൂകരിക്കാനാണ് സർക്കാർ നിയമനിർമാണത്തിന് തയാറായത്. മെറിറ്റുണ്ടായിട്ടും പ്രവേശനം ലഭിക്കാതെപോയ കുട്ടികൾക്ക് കോളജിലേക്ക് പ്രവേശന പരീക്ഷാ കമീഷണർ അലോട്ട്മെൻറ് നൽകിയെങ്കിലും പ്രവേശനം നൽകിയില്ല.
കുട്ടികൾക്ക് പ്രവേശനം നൽകാൻ ജസ്റ്റിസ് ജയിംസ് കമ്മിറ്റി ഉത്തരവിട്ടതും കോളജ് ലംഘിച്ചു. തുടർന്ന് പ്രവേശനം ലഭിക്കാതെപോയ കുട്ടികൾ ഒന്നടങ്കം പണം സ്വരൂപിച്ച് ഹൈകോടതിയിലും സുപ്രീംകോടതിയിലും പോയി. കോളജ് തിരുകിക്കയറ്റിയ 30 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കിയ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നടപടി ഹൈകോടതിയും സുപ്രീംകോടതിയും ശരിവെച്ചു. കൂട്ടത്തിൽ മെറിറ്റുണ്ടായിട്ടും കോളജ് പ്രവേശനം നൽകാതിരുന്ന 30 കുട്ടികൾക്ക് അടുത്തവർഷം (2017 -18) പ്രവേശനം നൽകാനും കോടതി ഉത്തരവിട്ടു.
കോടതി ഉത്തരവിനെതുടർന്നാണ് ഇവർക്ക് ഒരു വർഷം വൈകിയാണെങ്കിലും പ്രവേശനം ലഭിച്ചത്. കേസ് നടത്തിപ്പിനായി കുട്ടികളുടെ രക്ഷിതാക്കൾക്ക് 15 ലക്ഷം രൂപക്ക് മുകളിൽ ചെലവഴിക്കേണ്ടിയും വന്നു. 2016 -17ലെ നീറ്റ് റാങ്ക് അടിസ്ഥാനപ്പെടുത്തി 30 വിദ്യാർഥികൾക്ക് പ്രവേശനം നൽകിയശേഷം അവശേഷിക്കുന്ന 70 സീറ്റുകളിലേക്കാണ് കരുണ കോളജിൽ 2017 -18ൽ പ്രവേശനം നടന്നത്. ഇവരുടെ അവസരം നഷ്ടപ്പെടുത്തി മാനേജ്മെൻറ് മെറിറ്റ് അട്ടിമറിച്ച് തിരുകിക്കയറ്റിയ 30 വിദ്യാർഥികൾ സുപ്രീംകോടതി വിധിയോടെ ഇപ്പോൾ പുറത്താവുകയും ചെയ്തു. നീറ്റ് പരീക്ഷയിൽ 20284 റാങ്ക് മുതൽ 198494 റാങ്ക് വരെയുള്ള കുട്ടികളുടെ പ്രവേശനമാണ് കോടതി നിർദേശിച്ചിട്ടും കോളജ് തടഞ്ഞത്.
ഇവരെ മറികടന്നാണ് 410204 റാങ്കുള്ള വിദ്യാർഥിക്കുവരെ കരുണ കോളജ് പ്രവേശനം നൽകിയത്. 30 പേർക്ക് പ്രവേശനാനുമതി ലഭിച്ചെങ്കിലും ഏഴ് വിദ്യാർഥികൾ അതേവർഷംതന്നെ മെഡിക്കൽ പഠനമോഹം ഉപേക്ഷിച്ച് മറ്റ് കോഴ്സുകളിലേക്ക് പോയതോടെ 2017 -18ൽ പ്രവേശനം നേടാൻ അവശേഷിച്ചിരുന്നത് 23 വിദ്യാർഥികളായിരുന്നു. ഇവർക്ക് പ്രവേശനപരീക്ഷാ കമീഷണർ അലോട്ട്മെൻറ് നൽകുകയും ഇപ്പോൾ കരുണയിൽ ഒന്നാം വർഷ എം.ബി.ബി.എസിന് പഠിക്കുകയുമാണ്. ഇവർക്ക് വിലപ്പെട്ട ഒരു വർഷവും കോടതിച്ചെലവായി ലക്ഷങ്ങളും നഷ്ടമാക്കിയത് കരുണ കോളജ് മാനേജ്മെൻറിെൻറ ലാഭക്കൊതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
