അക്ഷരമുത്തശ്ശിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി
text_fieldsകാർത്യായനിയമ്മയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ
ഹരിപ്പാട്: നാടിന്റെ ആദരവ് ഏറ്റുവാങ്ങി അക്ഷര മുത്തശ്ശി കാർത്യായനിയമ്മ ഓർമയായി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ആലപ്പുഴയിൽ നിന്നെത്തിയ പോലീസ് സംഘം ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. സംസ്ഥാന സർക്കാർ പ്രതിനിധി പുഷ്പചക്രം സമർപ്പിച്ചു. വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങിൽ സമൂഹിക - സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ചെറുമകൻ രാധാകൃഷ്ണന്റെ മകൻ കണ്ണൻ ചിതയ്ക്ക് തീ കൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, കൃഷിമന്ത്രി പി. പ്രസാദ്,പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കെ.സി.വേണുഗോപാൽ എം.പി, രമേശ് ചെന്നിത്തല എം. എൽ. എ. ഉൾപ്പടെ നിരവധി പ്രമുഖർ അനുശോചനം അറിയിച്ചിരുന്നു. തുടർന്ന് അനുശോചന സമ്മേളനം നടന്നു.
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവാണ് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാർത്ത്യായനിയമ്മ. 2017ൽ സാക്ഷരത മിഷൻ നടത്തിയ ‘അക്ഷരലക്ഷം’ പരീക്ഷ ഒന്നാം റാങ്കിൽ കാർത്ത്യായനിയമ്മ പാസായിരുന്നു. 40440 പേർ എഴുതിയ പരീക്ഷയിൽ 100ൽ 98 മാർക്ക് വാങ്ങിയാണ് കാർത്ത്യായനിയമ്മ ജേതാവായത്. 96-ാം വയസിലായിരുന്നു കാർത്ത്യായനിയമ്മ ഈ അപൂർ നേട്ടം കൈവരിച്ചത്. അക്ഷര ലക്ഷം സാക്ഷരത പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയിച്ച കാർത്ത്യായനിയമ്മയെ 2018ലെ നാരീശക്തി പുരസ്‌കാരം തേടിയെത്തി. 101ാം വയസിലാണ് അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

