സംസ്ഥാനത്തെ കർഷകരെ ഉന്മൂലനം ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമം -അശോക് ധാവ്ളെ
text_fieldsകേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ റബർ കർഷകർ നടത്തിയ രാപകൽ സമരത്തിന്റെ
സമാപനത്തോടനുബന്ധിച്ച് നടന്ന മാർച്ച് കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്ളെ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റബർ കൃഷിക്ക് പ്രാമുഖ്യം നൽകി സംസ്ഥാനത്തെ കർഷകരെ ഉന്മൂലനം ചെയ്യാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെ. 300 രൂപ താങ്ങുവില പ്രഖ്യാപിച്ച് റബർ സംഭരിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബറിന് കിലോക്ക് 216 രൂപയായിരുന്നു 2011ലെ വില. ഇപ്പോഴത്തെ പരമാവധി വില 146 രൂപ. മോദി സർക്കാറാണ് റബർ കർഷകരെ ഈ ദുരിതത്തിലേക്ക് തള്ളിവിട്ടത്. 2014ൽ അധികാരത്തിലെത്തിയപ്പോൾ ഉൽപാദനച്ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവില നൽകുമെന്നായിരുന്നു ബി.ജെ.പി വാഗ്ദാനം. ഒമ്പതുവർഷം പിന്നിട്ടിട്ടും ഈ തുക ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. കിസാൻസഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ, അഖിലേന്ത്യ വൈസ് പ്രസിഡന്റുമാരായ ഇ.പി. ജയരാജൻ, എസ്.കെ. പ്രീജ, സെൻട്രൽ കിസാൻ കൗൺസിൽ അംഗം എം. സ്വരാജ് എന്നിവർ സംസാരിച്ചു.