‘മുതലാളി മാരാർജി ഭവൻ കൂടി വിറ്റ് ഒരു പോക്ക് പോകും ’-രാജീവ് ചന്ദ്രശേഖറിനെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ
text_fieldsരാജീവ് ചന്ദ്രശേഖർ, സന്ദീപ് വാര്യർ
കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ 313 കോടിയുടെ ഭൂമി കുംഭകോണ പരാതി ഉയർന്നതിനു പിന്നാലെ പരിഹാസവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ‘മുതലാളി മാരാർജി ഭവൻ കൂടി വിറ്റ് ഒരു പോക്ക് പോകും’ എന്നായിരുന്നു ഫേസ് ബുക് പോസ്റ്റിലൂടെ സന്ദീപിന്റെ പരിഹാസം.
ഞായറാഴ്ചയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രതികൂട്ടിലാക്കി വൻ ഭൂമി കുംഭകോണം ഉയർന്നത്.
313 കോടിയുടെ ഭൂമി കുംഭകോണം നടത്തിയത് കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈകോടതി അഭിഭാഷകൻ കെ.എന്‍ ജഗദേഷ് കുമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയാണ് ബി.ജെ.പി ഞെട്ടിച്ചത്.
കോടികളുടെ സർക്കാർ ഭൂമി മറിച്ചുവിറ്റെന്നാണ് പരാതി. കർണാടക സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി മറിച്ചുവിറ്റുവെന്നാണ് ആരോപണം.
ബി.പി.എല്‍ ഇന്ത്യ ലിമിറ്റഡ്, അജിത് ഗോപാല്‍ നമ്പ്യാര്‍, അഞ്ജലി രാജീവ് ചന്ദ്രശേഖര്‍, രാജീവ് ചന്ദ്രശേഖര്‍, മുന്‍ മന്ത്രി കട്ട സുബ്രഹ്‌മണ്യ നായിഡു എന്നിവര്‍ക്കെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ, കർണാടക ലോക് അദാലത്, കർണാടക ഹൈകോടതി, സി.ബി.ഐ, ഇ.ഡി എന്നിവർക്ക് നൽകിയ പരാതികൾക്ക് പുറമെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അഭിഭാഷകൻ പരാതി സമർപ്പിച്ചത്.
സംസ്ഥാന പ്രസിഡന്റിനെതിരെ ആരോപണമുയർന്നതിനു പിന്നാലെ തുടർച്ചയായ ആക്രമണവുമായാണ് സന്ദീപ് രംഗത്തെത്തിയത്. പരിഹാസത്തിനു പിന്നാലെ, മറ്റൊരു പോസ്റ്റിൽ മാരാർജി ഭവന് പുറത്തു കാത്തു നിൽക്കുന്ന മാധ്യമ പ്രവർത്തകർ ഒഴിഞ്ഞു പോവണമെന്ന വെടിയും സന്ദീപ് പൊട്ടിച്ചു.
‘പ്രിയപ്പെട്ട മാധ്യമപ്രവർത്തകരെ, നിങ്ങൾക്ക് കണ്ണിൽ ചോരയില്ലേ? നിങ്ങൾ മാരാർജി ഭവന്റെ പുറത്ത് കാത്തുനിൽക്കുന്നത് കാരണം മുതലാൾജിക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. മീഡിയ കോഡിനേറ്റർ വിളിച്ച് കാലുപിടിച്ച് കെഞ്ചിയിട്ടും നിങ്ങൾ പിരിഞ്ഞു പോകാത്തത് കഷ്ടമാണ്. പ്ലീസ് പിരിഞ്ഞുപോകൂ. ഞങ്ങളുടെ മുതലാൾജി പാവമാണ്’ -സന്ദീപ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

