കോൺഗ്രസ് നേതൃക്യാമ്പിന് സമാപനം; 100 സീറ്റിന് കർമ പദ്ധതി; സർക്കാറിനെതിരെ തുടർസമരം
text_fieldsസുൽത്താൻ ബത്തേരിയിൽ നടന്ന ‘ലക്ഷ്യ’ കെ.പി.സി.സി നേതൃക്യാമ്പിന്റെ രണ്ടാം ദിവസം പ്രതിപക്ഷനേതാവ്
വി.ഡി സതീശൻ സംസാരിക്കുന്നു
സുൽത്താൻ ബത്തേരി: ശബരിമല സ്വർണതട്ടിപ്പിലടക്കം ഇടത് സർക്കാറിനെതിരെ തുടർ സമരങ്ങൾ നടത്താനും നിയമസഭ തെരഞ്ഞെടുപ്പിൽ നൂറു സീറ്റുകൾ നേടാനുമുള്ള കർമപദ്ധതി ആവിഷ്‍കരിച്ച് രണ്ട് ദിവസങ്ങളിലായി സുൽത്താൻ ബത്തേരിയിൽ നടന്ന കെ.പി.സി.സി ‘ലക്ഷ്യ’ നേതൃക്യാമ്പ് സമാപിച്ചു.
തെരഞ്ഞെടുപ്പ് വിദഗ്ധൻ സുനിൽ കനഗോലുവിന്റെ തന്ത്രങ്ങൾ പാർട്ടി സ്വീകരിക്കും. ക്യാമ്പിന്റെ രണ്ടുദിവസവും അദ്ദേഹം പങ്കെടുത്തിരുന്നു. ഉടൻ തന്നെ സ്ഥാനാർഥി നിർണയമടക്കം നടത്തും. ചെറുപ്പക്കാർക്കും വനിതകൾക്കും വൻ പ്രാതിനിധ്യമുണ്ടാകും. അതേസമയം, പരിചയസമ്പന്നരായ മുതിർന്നവരെ തഴയില്ല.
സ്ഥാനാർഥി നിർണയത്തിന്റെ ആദ്യഘട്ട ചർച്ചകൾക്കായി മധുസൂദൻ മിസ്ത്രി ചെയർപേഴ്സണായ സ്ക്രീനിങ് കമ്മിറ്റി ഉടൻ കേരളത്തിലെത്തും. ജനുവരി അവസാനത്തോടെ തന്നെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കും. അതിനുമുമ്പ് ആരും സ്വയംപ്രഖ്യാപിത സ്ഥാനാർഥികളാകരുതെന്ന മുന്നറിയിപ്പും ക്യാമ്പിൽ നേതാക്കൾ നൽകി.
തദ്ദേശതെരഞ്ഞെടുപ്പിലെ വൻവിജയം നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ആവർത്തിക്കുമെന്നും 100 സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്താനാകുമെന്നും പാർട്ടി വിലയിരുത്തുന്നു.രണ്ടു ദിവസത്തെ ക്യാമ്പിൽ കെ.പി.സി.സി ഭാരവാഹികളും മുൻ ഭാരവാഹികളും എം.പിമാരും അടക്കം 158 പേരാണ് പങ്കെടുത്തത്. ക്യാമ്പിലെ ശശി തരൂരിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. സംസ്ഥാന സർക്കാറിനെതിരെ സമരാഹ്വാനവുമായാണ് ക്യാമ്പ് സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

