‘കർമ ആരെയും വെറുതേ വിടില്ല, അദ്ദേഹം നല്ല മനുഷ്യനല്ല...’; രഞ്ജിത്തിനെതിരെ ബംഗാളി നടി
text_fieldsകൊച്ചി: കർമ ആരെയും വെറുതെ വിടില്ലെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ മുമ്പ് പരാതി നൽകിയ ബംഗാളി നടി. യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ രഞ്ജിത്ത് അറസ്റ്റിലായതിനു പിന്നാലെയാണ് പ്രതികരണം.
രഞ്ജിത്ത് നല്ല മനുഷ്യൻ അല്ലെന്നു തെളിഞ്ഞു. പരാതി നൽകിയ നടിക്ക് നന്ദി പറയുന്നു. ഇത് എല്ലാവരും മാതൃകയാക്കണം. ആരാണ് കള്ളം പറഞ്ഞതെന്ന് ഇപ്പോൾ വ്യക്തമായെന്നും ബംഗാളി നടി പറഞ്ഞു. ‘കർമ ആരെയും വെറുതേ വിടില്ല. രഞ്ജിത്ത് അറിയപ്പെടുന്ന സംവിധായകനായിരിക്കാം. പക്ഷേ, അദ്ദേഹം നല്ല മനുഷ്യനല്ല. പ്രതികരിക്കാൻ എനിക്ക് 15 വർഷം വേണ്ടിവന്നു. അന്ന് സാമൂഹികമാധ്യമമൊന്നും സജീവമായിരുന്നില്ല. വൈകിയെന്ന് പറഞ്ഞാണ് എന്റെ പരാതി തള്ളിയത്. സാങ്കേതിക കാരണങ്ങളായിരുന്നു പറഞ്ഞത്. ഞാൻ കള്ളം പറഞ്ഞെന്നാണ് രഞ്ജിത്ത് പറഞ്ഞത്. ആരാണ് കള്ളം പറഞ്ഞതെന്ന് ഇപ്പോൾ വ്യക്തമായി. പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി. ഇത്തരം വേട്ടക്കാരെ അഴിക്കുള്ളിലിടണം. സ്ത്രീകൾ ആദരം അർഹിക്കുന്നുണ്ട്’ -ബംഗാളി നടി പ്രതികരിച്ചു.
ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരായ കേസ് ഹൈകോടതി റദ്ദാക്കിയിരുന്നു. 2009ൽ നടന്നെന്ന് പറയുന്ന സംഭവത്തിൽ 15 വർഷത്തിന് ശേഷമാണ് നടി പരാതി നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, 2024 ആഗസ്റ്റിലാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ ഓഡിഷനായി കൊച്ചിയിലെത്തിയപ്പോൾ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം അനുവാദമില്ലാതെ സ്പർശിച്ചെന്നായിരുന്നു നടിയുടെ പരാതി.
ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസ് കോടതി റദ്ദാക്കി. കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് കേസ് ഹൈകോടതി തള്ളിയത്. പുതിയ കേസിൽ അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുവനടിയുടെ പരാതിയെത്തുടർന്ന് ഇടുക്കി എസ്.പിയുടെ നിർദേശപ്രകാരം തൊടുപുഴയിലെ മുട്ടത്ത് വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പൊലീസിന് കൈമാറിയ ശേഷം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ നിന്നും എറണാകുളം നോർത്ത് വനിതാ പൊലീസ് സ്റ്റേഷനിലേക്കെത്തിച്ച രഞ്ജിത്തിനെ പിന്നീട് മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹരാക്കി. തുടർന്നാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കാക്കനാട് സബ് ജയിലിലേക്കാണ് സംവിധായകനെ കൊണ്ടുപോയത്. മുൻകൂർ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് രഞ്‌ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിന്റെ ഈ നടപടിയെ കുറിച്ച് രഞ്ജിത്തിന് വിവരങ്ങൾ ലഭിച്ചിരുന്നതായും തുടർന്ന് അഭിഭാഷകന്റെ നിർദേശ പ്രകാരം ഒളിവിൽ പോകുകയുമായിരുന്നു. സ്വന്തം വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ രക്ഷപെടാനുള്ള ശ്രമം പൊലീസ് തിരിച്ചറിയുകയും തുടർന്ന് ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
സംഭവം നടന്നത് ഷൂട്ടിങ് സെറ്റിലുള്ള ജീവനക്കാർ അറിഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവനടി ആയതിനാൽ തന്നെ പൊലീസിൽ പരാതി നൽകില്ലെന്ന് രഞ്ജിത്തും സഹപ്രവർത്തകരും കണക്ക് കൂട്ടി. സിനിമയിൽ പ്രധാന സ്ത്രീ കഥാപാത്രം തന്നെയായിരുന്നു നടിക്ക് നൽകിയിരുന്നത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂർത്തിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

