കരിപ്പൂര്‍ റൺവേ വിപുലീകരണം: ഭൂരേഖകള്‍ കൈമാറാനുള്ള സമയപരിധി ഇന്ന് തീരും
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷ മേഖല (റെസ) വിപുലീകരിക്കാനുള്ള സ്ഥലമേറ്റെടുക്കല്‍ പ്രക്രിയയുടെ ഭാഗമായി ഭൂരേഖകള്‍ സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് അനുവദിച്ച സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. ഇതുവരെ 25 ഭൂവുടമകളാണ് ഭൂമിയേറ്റെടുക്കല്‍ വിഭാഗത്തിന്റെ കരിപ്പൂർ ഓഫിസില്‍ രേഖകള്‍ ഹാജരാക്കിയത്. ഇതില്‍ ഒമ്പത് പേര് പള്ളിക്കല്‍ വില്ലേജിലും 16 പേര് നെടിയിരുപ്പ് വില്ലേജിലും ഉള്‍പ്പെടുന്നവരാണ്. തിങ്കളാഴ്ച അഞ്ച് ഭൂവുടമകളാണ് രേഖകള്‍ കൈമാറിയത്. ഇതില്‍ ഒരാൾ പള്ളിക്കലിലും മറ്റുള്ളവര്‍ നെടിയിരുപ്പ് വില്ലേജിലും ഉള്‍പ്പെടുന്നവരാണ്. ഒരു ദിവസത്തിനകം 55 പേരാണ് ഇനി രേഖകള്‍ സമര്‍പ്പിക്കേണ്ടത്. ചുരുങ്ങിയ സമയത്തിനകം രേഖകള്‍ ലഭ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥലവാസികള്‍. കഴിഞ്ഞ മാസം 24ന് ആരംഭിച്ച രേഖ സ്വീകരണം ആദ്യ രണ്ട് ദിവസത്തെ നടപടികള്‍ക്ക് ശേഷം ഓണാവധി കഴിഞ്ഞ് വെള്ളിയാഴ്ചയാണ് പുനരാരംഭിച്ചത്. സമയ പരിധി തീരുന്നതോടെ നിരവധി പേര് ഭൂമിയേറ്റെടുക്കല്‍ കാര്യാലയത്തില്‍ എത്തുന്നുണ്ട്. രേഖകളിലെ കുറവുകള്‍ ഉടമകളെ ബോധ്യപ്പെടുത്തി ആവശ്യമായ നിർദേശങ്ങൾ ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.
പൂര്‍ണ ഭൂരേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കുന്ന നടപടികള്‍ ബുധനാഴ്ച ആരംഭിക്കും. വീട് നഷ്ടമാകുന്നവര്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജില്‍ 10 ലക്ഷം രൂപയും ഭൂമി, കെട്ടിടങ്ങള്‍, മറ്റ് നിർമിതികള്‍, കാര്‍ഷിക വിളകള്‍, വനം വകുപ്പിന്റെ പരിധിയില്‍ വരുന്ന മരങ്ങള്‍ തുടങ്ങിയവക്ക് നിലവില്‍ വിവിധ വകുപ്പുകള്‍ നല്കുന്ന തുകയുടെ ഇരട്ടി തുകയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പള്ളിക്കല്‍ വില്ലേജില്‍ നിന്ന് 26, നെടിയിരുപ്പ് വില്ലേജില്‍ നിന്ന് 54 എന്നിങ്ങനെ 80 ഭൂവുടമകളില്‍ നിന്നായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ബാങ്ക് വായ്പ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രയാസങ്ങളാണ് പല ഭൂവുടമകള്‍ക്കും വെല്ലുവിളിയാകുന്നത്. രേഖകള്‍ സമര്‍പ്പിക്കുന്നതിന് അധികസമയം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

