കരിപ്പൂർ റീകാർപെറ്റിങ്: മണ്ണെടുക്കാൻ അനുമതി നീളുന്നു
text_fieldsകോഴിക്കോട് വിമാനത്താവളത്തിന്റെ ആകാശദൃശ്യം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ റീകാർപെറ്റിങ് പ്രവൃത്തിയുടെ ഭാഗമായി മണ്ണെടുക്കുന്നതിനുള്ള ഖനനാനുമതി വൈകുന്നു.വിഷയത്തിൽ ജില്ല ഭരണകൂടത്തിനും ജിയോളജി വിഭാഗത്തിനും വീഴ്ച വന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
പൊതുമേഖല സ്ഥാപനത്തിന്റെ വികസന പ്രവൃത്തിയാണെങ്കിലും മണ്ണെടുപ്പിന് പാരിസ്ഥിതികാനുമതി വേണമെന്നാണ് ജിയോളജി വിഭാഗം വ്യക്തമാക്കുന്നത്. ഇതൊഴിവാക്കാൻ സർക്കാർ പ്രത്യേകാനുമതി നൽകണം.പാരിസ്ഥിതികാനുമതി നൽകേണ്ടത് സംസ്ഥാനതല സമിതിയാണ്. ഇവർ യോഗം ചേർന്ന് അനുമതി നൽകുന്നത് കാത്തിരുന്നാൽ നിർമാണം നീളും.
പ്രവൃത്തി നീണ്ടാൽ ഈ വർഷത്തെ ഹജ്ജ് സർവിസിനെ അടക്കം ബാധിക്കും.ഒരു ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് റൺവേയുടെ ഇരുവശങ്ങളിലുമായി നിക്ഷേപിക്കേണ്ടത്. ഇതിനായി കരാർ ഏറ്റെടുത്ത കമ്പനി ജനുവരിയിൽ ജിയോളജി വിഭാഗത്തിന് അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ ആവശ്യമായ വിശദാംശങ്ങളില്ലാത്തതിനാൽ വീണ്ടും സമർപ്പിക്കണമെന്നായിരുന്നു അധികൃതരുടെ നിർദേശം. ഈ മാസത്തോടെ നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്. പ്രവൃത്തി പൂർത്തിയായാൽ മാത്രമേ പകൽ സമയത്തെ നിയന്ത്രണം പിൻവലിക്കാനും മുഴുവൻ സമയം സർവിസ് ആരംഭിക്കാനും സാധിക്കൂ.
വിഷയം കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എ അടിയന്തരപ്രാധാന്യമുള്ള വിഷയമായി ഉന്നയിച്ചിരുന്നു. ഖനന പെർമിറ്റ് നൽകാൻ കേന്ദ്രസർക്കാറിനോട് ശിപാർശ ചെയ്യാൻ സംസ്ഥാന സർക്കാറിന് കത്ത് നൽകുമെന്നായിരുന്നു യോഗത്തിൽ കലക്ടറുടെ വിശദീകരണം. എന്നാൽ, പൊതുപ്രാധാന്യമുള്ള ദേശീയപാത വികസനത്തിന് പ്രത്യേകാനുമതി നൽകിയിട്ടുണ്ട്. ഇതേരീതിയിൽ പൊതുമേഖലയിലുള്ള വിമാനത്താവളത്തിന് മറ്റൊരു ചട്ടമാണെന്നും എം.എൽ.എ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

