തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷവും ഇടുക്കി പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരുലക്ഷവും വീതം ധനസഹായം നൽകാൻ റവന്യൂ വകുപ്പ് ഉത്തരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് സഹായം. കരിപ്പൂരിൽ മരിച്ച 21 പേരുടെ ആശ്രിതർക്കാണ് 10 ലക്ഷം വീതം അനുവദിച്ചത്.
മലപ്പുറം ജില്ലയിലെ ആറുപേരുടെ ആശ്രിതർക്കും ഇതര സംസ്ഥാനങ്ങളിെല രണ്ടുപേർക്കും കൂടി 80 ലക്ഷവും കോഴിക്കോട് ജില്ലയിലെ പത്ത് പേരുടെ ആശ്രിതർക്ക് ഒരുകോടിയും പാലക്കാട് രണ്ടുപേരുടെ ആശ്രിതർക്ക് 20 ലക്ഷവും വയനാട് ഒരാളുടെ ആശ്രിതർക്ക് 10 ലക്ഷവും അതത് കലക്ടർമാർക്ക് അനുവദിച്ചു.
പെട്ടിമുടിയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ ആശ്രിതർക്ക് ഒരു ലക്ഷം വീതമാണ് അനുവദിച്ചത്. തുക ഇടുക്കി കലക്ടർക്ക് കൈമാറും.
അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ തുകയും ഇടുക്കി കലക്ടർ വിതരണം ചെയ്യുമെന്ന് റവന്യൂ ജോയൻറ് സെക്രട്ടറി ടി.കെ. സന്തോഷ് കുമാറിെൻറ ഉത്തരവിൽ പറയുന്നു.