കരിപ്പൂർ: അഗ്നിശമന സേനയുടെ കാറ്റഗറി മാറ്റം താൽക്കാലികമായി നീട്ടി
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ റെസ്ക്യൂ ഫയർ ആൻഡ് ഫൈറ്റിങ് (ആർ.എഫ്.എഫ്) കാറ്റഗറി എട്ടിൽ നിന്നും ഏഴിലേക്ക് മാറ്റിയത് താൽക്കാലികമായി നീട്ടി. കരിപ്പൂരിൽ നിന്ന് ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ കാറ്റഗറി മാറ്റുന്നതിന് ജൂൺ 12ന് വിമാനത്താവള അതോറിറ്റി അനുമതി നൽകിയിരുന്നു.
വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം നടപ്പാക്കൽ നീട്ടിയത്. വിഷയം വ്യക്തമായി പരിശോധിച്ച ശേഷമേ തീരുമാനം നടപ്പിലാക്കൂ. കാറ്റഗറി മാറ്റം താൽക്കാലികമായി നടപ്പിലാക്കുകയില്ലെന്ന് ഡയറക്ടർ അറിയിച്ചതായി എംപ്ലോയീസ് യൂനിയൻ ഭാരവാഹികൾ അറിയിച്ചു. അതേസമയം, കാറ്റഗറി മാറ്റിയ ഉത്തരവ് നിലനിൽക്കുന്നുണ്ട്.
അതോറിറ്റി ആസ്ഥാനത്ത് നിന്ന് പിൻവലിച്ചാൽ മാത്രമേ തീരുമാനം പൂർണമായി റദ്ദാക്കൂ. കരിപ്പൂർ വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു കഴിഞ്ഞ മേയ് 15ന് വിമാനത്താവള അതോറിറ്റിയുടെ ചെന്നൈ ആസ്ഥാനത്തേക്ക് അയച്ച കത്ത് പ്രകാരമായിരുന്നു കാറ്റഗറി മാറ്റം. നേരത്തെ, കരിപ്പൂർ 4 ഇ കാറ്റഗറിയിലുള്ള വിമാനത്താവളമായിരുന്നുവെന്നും വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ 2015 മേയിൽ ഇത് 4 ഡി ആക്കി മാറ്റിയെന്നും കത്തിൽ പറയുന്നു.
ആർ.എഫ്.എഫ് കാറ്റഗറി ഒമ്പതായിരുന്നത് അന്നാണ് എട്ടിലേക്ക് മാറ്റിയത്. കോഡ് ഡി വിമാനത്താവളമാണെങ്കിലും ഇവിടെ സർവിസ് നടത്തുന്നത് കോഡ് സിയിൽ ഉൾപ്പെടുന്ന വിമാനങ്ങൾ മാത്രമാണെന്ന് കത്തിലുണ്ട്. കോഡ് സിയിൽ എ 321, ബി 738 എന്നിവയാണ് നിലവിലെ ഏറ്റവും ഉയർന്ന കാറ്റഗറിയിലുള്ള വിമാനങ്ങൾ.
ഇൗ വിമാനങ്ങളുടെ സർവിസിന് ആർ.എഫ്.എഫ് കാറ്റഗറി ഏഴ് പ്രകാരമുള്ള അഗ്നിശമന സേന ജീവനക്കാർ മതിയെന്നുമായിരുന്നു ഡയറക്ടർ അറിയിച്ചത്. ഭരണപരമായ നടപടിയെന്നായിരുന്നു വിഷയത്തിൽ അതോറിറ്റി നൽകിയ വിശദീകരണം.
കാറ്റഗറി ഒമ്പതായിരുന്ന സമയത്താണ് വലിയ വിമാനങ്ങളായ ബി 747, ബി 777, എ 330 തുടങ്ങിയ വിമാനങ്ങൾ സർവിസ് നടത്തിയിരുന്നത്. കാറ്റഗറി ഏഴ് പ്രകാരമുള്ള ജീവനക്കാരെ ഉപയോഗിച്ച് ഒരിക്കലും വലിയ വിമാനങ്ങളുടെ സർവിസ് നടത്താനാകില്ലെന്നതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
