കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകാനാകില്ലെന്ന് കേന്ദ്ര സംഘം
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വലിയ വിമാനങ്ങൾക്ക് അനുയോജ്യമല്ലെന്ന് കേന്ദ്ര സംഘത്തിെൻറ വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത് പ്രകാരം ജനുവരി ഒമ്പത്, പത്ത് തീയതികളിൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), എയർപോർട്ട് അതോറിറ്റി എന്നിവർ നടത്തിയ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.
ഡി.ജി.സി.എ ഏവിയേഷൻ ഓപറേഷൻസ് വിഭാഗം മേധാവി മനോജ് ബൊക്കാഡേയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എയർപോർട്ട് അതോറിറ്റി സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് ജനറൽ മാനേജർ രാകേഷ് സിങ്, സീനിയർ മാനേജർ വിനോദ് ജഡ്ലി എന്നിവരാണുണ്ടായിരുന്നത്.
കോഡ് ‘ഇ’യിലുള്ള വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ നിലവിലെ 2,850 മീറ്റർ റൺവേയിൽ സാധിക്കില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ മുല്ലപ്പള്ളി രാമചന്ദ്രന് നൽകിയ മറുപടിയിൽ പറയുന്നു.
റൺവേയുടെ രണ്ട് അറ്റങ്ങളിലുള്ള റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) കരിപ്പൂരിൽ 90 മീറ്റർ മാത്രമാണ്. ഡി.ജി.സി.എ നിഷ്കർഷിക്കുന്നത് 240 മീറ്ററാണ്. റൺവേയുടെ മധ്യത്തിൽ നിന്ന് ഇരുവശത്തേക്കും നിലവിൽ 75 മീറ്റർ മാത്രമാണുള്ളത്. ഇത് 150 മീറ്റർ വേണമെന്നും പരിശോധന റിപ്പോർട്ടിൽ പറയുന്നു. വലിയ വിമാനങ്ങൾക്ക് സർവിസ് നടത്താനാവശ്യമായ സ്ഥലം ഏപ്രൺ ടാക്സി ലൈനിനും റൺവേക്കും ഇടയിൽ ഇല്ലെന്നും ഇതിൽ പരാമർശിക്കുന്നുണ്ട്. റൺവേയുടെ വികസനത്തിനും സമാന്തര ടാക്സി വേക്കുമായി 248.3 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകണമെന്ന് എയർപോർട്ട് അതോറിറ്റി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭ്യമായാലേ വലിയ വിമാനങ്ങളും ഹജ്ജ് സർവിസും പുനരാരംഭിക്കാൻ സാധിക്കൂവെന്നാണ് കേന്ദ്രനിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
