കരിപ്പൂർ ഹജ്ജ് ഹൗസ് ഒരുങ്ങി; തീർഥാടക ക്യാമ്പിന് ശനിയാഴ്ച തുടക്കം
text_fieldsമലപ്പുറം: മക്കയിലേക്ക് പുറപ്പെടുന്ന തീർഥാടകർക്ക് വിശ്രമവും സ്നേഹപരിചരണവുമൊരുക്കാൻ കരിപ്പൂരിൽ ഹജ്ജ് ക്യാമ്പ് ഒരുങ്ങി. വിമാനത്താവള റോഡിലെ ഹജ്ജ് ഹൗസ് അങ്കണത്തിൽ വിശാലമായ പന്തലും മറ്റ് സൗകര്യങ്ങളും സജ്ജമായി. ഹജ്ജ് ഹൗസ് കെട്ടിടവും നവീകരിച്ചു.
ഹാജിമാരുടെ വസതി വർണവിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട്. മൂന്നാഴ്ച നീളുന്ന ക്യാമ്പിൽ തീർഥാടകരും ബന്ധുക്കളും സന്നദ്ധസേവകരും രാപകൽ ഭേദമന്യെ സജീവമാവും. ശനിയാഴ്ച തുടങ്ങുന്ന ക്യാമ്പ് ജൂൺ 22 വരെ നീളും. മലബാറിൽ നിന്നുള്ള ഹാജിമാരുടെ സംഗമവേദി കൂടിയാവും ക്യാമ്പ്. ശനിയാഴ്ച രാവിലെ 11 ഓടെ തീർഥാടകർ ക്യാമ്പിലേക്ക് എത്തിത്തുടങ്ങും. കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഞായറാഴ്ച പുലർച്ചെ 4.25 നാണ്. ആദ്യ ഹജ്ജ് വിമാനം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച പുലർച്ചെ 1.45 ന് പുറപ്പെടും. കോവിഡിനെതുടർന്ന് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഒരുങ്ങുന്നത്. സന്നദ്ധ പ്രവർത്തകർ ക്യാമ്പിലും വിമാനത്താവളത്തിലും ഹാജിമാരെ സഹായിക്കാനുണ്ടാവും. വിമാനത്താവളത്തിൽ ലഗേജ് ഏൽപ്പിച്ച ശേഷമാണ് തീർഥാടകർ ക്യാമ്പിലേക്ക് എത്തുക. 24 മണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷമാണ് ജിദ്ദയിലേക്ക് വിമാനം കയറുക. ദിവസം മൂന്ന് വിമാനം വരെ കരിപ്പൂരിൽ നിന്ന് പറന്നുയരും.
ഏഴായിരത്തിൽ പരം തീർഥാടകരാണ് ഇത്തവണ കരിപ്പൂർ വഴി പോകുന്നത്. 200 ൽ താഴെ ഹാജിമാരാണ് ഓരോ വിമാനത്തിലും യാത്ര ചെയ്യുക. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലാണ് കരിപ്പൂരിൽ നിന്നുള്ള ഹാജിമാരുടെ യാത്ര. കണ്ണൂരിലും നെടുമ്പാശ്ശേരിയിലും ഇത്തവണ എംബാർക്കേഷൻ പോയന്റുകളുണ്ട്. അവിടെയും ഹജ്ജ് ക്യാമ്പുകൾ ഉണ്ട്. കരിപ്പൂരിലേതാണ് പ്രധാന ക്യാമ്പ്. ആദ്യമായാണ് സംസ്ഥാനത്ത് മൂന്ന് എംബാർക്കേഷൻ പോയന്റുകൾ. മുവ്വായിരത്തോളം ഹാജിമാർ കണ്ണൂർ വഴിയും രണ്ടായിരത്തോളം പേർ നെടുമ്പാശ്ശേരി വഴിയുമാണ് യാത്ര പുറപ്പെടുന്നത്.
വനിതകൾക്കായി ഹജ്ജ് ഹൗസ്; ഉദ്ഘാടനം മൂന്നിന്
വനിതകൾക്ക് മാത്രമായി 30,000 ചതുരശ്ര അടിയിൽ പുതിയ ഹജ്ജ് ഹൗസ് ഒരുങ്ങി. എ.സി, നോൺ എ.സി ഡോർമിറ്ററികളും പ്രാർഥനാമുറികളും റിസപ്ഷൻ ഏരിയയും മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ട്. 500 പേർക്ക് ഒരേസമയം ഇവിടെ താമസിക്കാം. വനിത തീർഥാടകരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് അവർക്ക് മാത്രമായി ഹജ്ജ് ഹൗസ് നിർമിക്കാൻ സർക്കാർ ആലോചിച്ചത്. 2019 ലായിരുന്നു ശിലാസ്ഥാപനം.
ജൂൺ മൂന്നിന് വനിത ഹജ്ജ് ഹൗസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എട്ട് കോടി രൂപ ചെലവിലാണ് കെട്ടിടം യാഥാർഥ്യമായത്. ഇത്തവണ വനിതകൾ മാത്രം സഞ്ചരിക്കുന്ന ഒരു വിമാനസർവിസുമുണ്ട്. ജൂൺ എട്ടിനാണിത്. 145 വനിത തീർഥാടകർ മാത്രമാണ് ആ വിമാനത്തിലുണ്ടാവുക.
ഈ വിമാനത്തിന്റെ പൈലറ്റും ഫസ്റ്റ് ഓഫിസറും ക്രൂ അംഗങ്ങളും വനിതകളായിരിക്കും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യമായാണ് ഇന്ത്യയിൽ നിന്ന് വനിതകൾക്ക് മാത്രമായി ഹജ്ജ് വിമാനം.