കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന് മേയ് ഒമ്പതിന് തുടക്കമാകും
text_fieldsകൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥയാത്രക്ക് തുടക്കമിട്ട് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹജ്ജ് ക്യാമ്പിന് മേയ് ഒമ്പതിന് തുടക്കമാകും. രാവിലെ ഏഴോടെ തീര്‍ഥാടകര്‍ എത്തിത്തുടങ്ങും. ആദ്യം കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന തീര്‍ഥാടകര്‍ ലഗേജുകള്‍ കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രത്യേക വാഹനത്തില്‍ ക്യാമ്പിലെത്തും.
പ്രാര്‍ഥനകള്‍ക്കും ബോധവത്ക്കരണ ക്ലാസുകള്‍ക്കും ശേഷം യാത്രയാരംഭിക്കുന്നതിന് നാല് മണിക്കൂര്‍ മുമ്പ് ആദ്യ സംഘത്തിലെ തീര്‍ഥാടകരെ വിമാനത്താവളത്തിലെത്തിക്കും. മേയ് 10ന് പുലര്‍ച്ച 1.20നാണ് ജിദ്ദയിലേക്കുള്ള ആദ്യ ഹജ്ജ് വിമാനം പറന്നുയരുക. 173 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇതിന് തുടര്‍ച്ചയായി മറ്റു സംഘങ്ങളും ക്യാമ്പില്‍ എത്തിത്തുടങ്ങും. സംഘാടക സമിതി യോഗം മേയ് മൂന്നിന് കരിപ്പൂരില്‍ നടക്കും. തുടര്‍ന്നാകും വളന്റിയര്മാരടക്കമുള്ളവരുടെ നിയമനം.
യാത്രാ സൗകര്യങ്ങളും മുന്നൊരുക്കങ്ങളുടെ പുരോഗതിയും ചര്‍ച്ച ചെയ്യാന്‍ വിമാനത്താവള ഡയറക്ടര്‍ സി.വി. രവീന്ദ്രന്, ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികളുടെ പ്രാഥമിക യോഗം ചേര്‍ന്നു. മേയ് 10 മുതല്‍ 22 വരെയായി 31 വിമാനങ്ങളില്‍ 5361 തീർഥാടകരാണ് കരിപ്പൂര്‍ വഴി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്ര തിരിക്കുന്നത്. തീര്‍ഥാടകരുടെ ലഗേജ് സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. ലഗേജുകള്‍ കൈമാറുന്നതുവരെ തീര്‍ഥാടകര്‍ക്ക് വിമാനത്താവളത്തില്‍ താല്‍ക്കാലിക വിശ്രമ സൗകര്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

