കരിപ്പൂർ സ്വർണക്കടത്ത്; ശിഹാബ് ക്വട്ടേഷൻ രംഗത്തുള്ളയാൾ
text_fieldsഫിജാസും ശിഹാബും
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഞ്ചേരി പാണ്ടിക്കാട് റോഡ് സ്വദേശി മുഹമ്മദലി ശിഹാബ് പതിറ്റാണ്ടോളമായി ക്വട്ടേഷൻ രംഗത്ത് ഉള്ളയാൾ. 2014 ഫെബ്രുവരി 10ന് ഓമശ്ശേരി സ്വദേശി മാക്കിൽ അബ്ദുൽ അസീസിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണിയാൾ. സ്വർണം കളവുപോയ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘമാണെന്ന് പറഞ്ഞാണ് പത്തംഗസംഘം രാത്രി അസീസിനെ വീട്ടിൽനിന്ന് കൈയാമം വെച്ച് ഇന്നോവ കാറിൽ കടത്തിയത്. കേസിൽ ശിഹാബിനെയും മറ്റു പ്രതികളെയും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെയും കാറും ഇതുവരെ പിടികൂടാനായിട്ടില്ല.
ആദ്യം പൂനൂർ പുഴയോരത്ത് കൊണ്ടുപോയും പിന്നീട് കെട്ടിത്തൂക്കിയുമാണ് അസീസിനെ മർദിച്ചത്. പ്രതികളിലൊരാളുടെ മണ്ണിൽക്കടവിലെ വീട്ടിലും അടുത്ത ദിവസം കാറിൽ മഞ്ചേരിയിലെ കടമുറിയിൽ പൂട്ടിയിട്ടും മർദിച്ചു. മരിക്കാറായ അസീസിനെ മൂന്നാം നാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങി. ഒരുവർഷത്തോളം ചികിത്സയിൽ കഴിഞ്ഞ അസീസ് ഇപ്പോഴും ആരോഗ്യനില വീണ്ടെടുത്തിട്ടില്ല.
അന്വേഷണം പൂർത്തിയാക്കി 2018ലാണ് കുറ്റപത്രം സമർപ്പിച്ചത്. 2020 മാർച്ചിൽ കേസ് പരിഗണിച്ചെങ്കിലും പരാതിക്കാരന് പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിച്ചുകിട്ടാത്തതിനാൽ വിചാരണ തുടങ്ങിയിട്ടില്ല. കൊട്ടിയം മൈലാപ്പൂർ സ്വദേശി ഷഹാലുദ്ദീനെയും കുടുംബത്തേയും തട്ടിക്കൊണ്ടുപോയി ഒരേക്കർ ഭൂമിയും ആറു സെൻറ് പുരയിടവും തട്ടിയെടുത്തെന്ന കേസിലും കൊടുവള്ളി പാലക്കുറ്റി റിയാസിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് ശിഹാബ്.
കുഴൽപണവും കള്ളക്കടത്ത് സ്വർണവും കൊള്ളയടിക്കുന്നവരിൽനിന്ന് ഇവ തിരിച്ചുപിടിക്കുന്ന ക്വട്ടേഷൻ ഏറ്റെടുക്കുന്നതാണ് പ്രധാന ജോലി. അതേസമയം, കേസിൽ അറസ്റ്റിലായ കൊടുവള്ളി വാവാട് ഇരുമോത്ത് വെള്ളറക്കുന്നുമ്മൽ ഫിജാസ് നിരവധി സ്വർണക്കടത്ത് കേസിലെ പ്രതിയും കൊഫെപോസ ചുമത്തി ജയിലിലടക്കുകയും ചെയ്ത സൂഫിയാെൻറ സഹോദരനാണ്. റിമാൻഡിലായ ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ത ശേഷം ശിഹാബിെൻറ പഴയ സംഘത്തിലുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
