കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാന സർവിസ് പുനരാരംഭിക്കാൻ നിയോഗിച്ച ഒമ്പതംഗ സമിതിയുടെ തുടർനടപടികൾ നീളുന്നു. വിമാന ദുരന്തത്തിെൻറ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം വലിയ വിമാനങ്ങൾക്ക് അനുമതി നൽകാമെന്നായിരുന്നു കേന്ദ്ര നിലപാട്. സെപ്റ്റംബർ 11ന് വ്യോമയാന മന്ത്രാലയം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
പൈലറ്റ് നടപടിക്രമങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയായിരുന്നു അപകടകാരണമെന്നായിരുന്നു ഉള്ളടക്കം. ഇതോടെയാണ് വ്യോമയാന മന്ത്രാലയം സമിതിയെ നിശ്ചയിച്ചത്.
വ്യോമയാന സെക്രട്ടറി പ്രദീപ് ഖരോളയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വ്യോമസേന മുൻ മേധാവി ഫാലിഹോമി മേജർ, ഡി.ജി.സി.എ, എ.എ.െഎ.ബി, വിമാനത്താവള അതോറിറ്റി പ്രതിനിധികൾ, കേന്ദ്ര കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞൻ, വ്യോമയാന മേഖലയിലെ വിദഗ്ധരായ അരുൺ റാവു, വിനീത് ഗുലാതി എന്നിവരാണ് അംഗങ്ങൾ. 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിൽ ഒക്ടോബർ പകുതിയോടെ ഒരുമാസം അവസാനിക്കും.