കരിപ്പൂർ: പഴവർഗങ്ങളിൽ രാസപദാർഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്
text_fieldsകോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കയറ്റിയയക്കുന്ന പഴവർഗങ്ങളിൽ രാസപദാർഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ നടത്തിയ പരിശോധനകളുടെ വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശം. റിപ്പോർട്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണർക്ക് നൽകാനാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹൻദാസ് നിർദേശം നൽകിയത്. പഴവർഗങ്ങൾ രാസപദാർഥങ്ങൾ ഉപയോഗിച്ച് സൂക്ഷിച്ചാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വിദേശത്തേക്ക് കയറ്റിയയക്കുന്നതെന്ന ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കമീഷൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണറിൽനിന്നും വിശദീകരണം വാങ്ങിയിരുന്നു. മലപ്പുറം അസി. കമീഷണർ പരിശോധനക്കായി പഴവർഗങ്ങളുടെ സാമ്പിളുകൾ എടുത്ത് കോഴിക്കോട് ഫുഡ് അനലിസ്റ്റ് ലാബിലേക്ക് അയച്ചതായി ഭക്ഷ്യസുരക്ഷ കമീഷണർ അറിയിച്ചു. എന്നാൽ, വിമാനത്താവളത്തിനുള്ളിൽ ഭക്ഷ്യവസ്തുക്കളുടെ പരിശോധനയും സാമ്പിൾ ശേഖരണവും നടത്തുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റിയുടെ ഓതറൈസ്ഡ് ഓഫിസറാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തിനുള്ളിൽ ഭക്ഷ്യവിൽപന നടത്തുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നത് അതോറിറ്റിയാണെന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണർക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ ഇവിടെ പരിശോധന നടത്താൻ അധികാരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് വിവരങ്ങൾ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണർക്ക് സമർപ്പിക്കാൻ നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
