ഹജ്ജ് സര്‍വിസിന് അനുമതി നിഷേധിക്കല്‍; ഭൂമി ഏറ്റെടുക്കുന്നതിനുള്ള സമ്മര്‍ദ തന്ത്രമെന്ന് ആക്ഷേപം
text_fieldsകൊണ്ടോട്ടി: 65 കോടി രൂപ ചെലവില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയാക്കിയിട്ടും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് സര്‍വിസിന് അനുമതി നല്‍കാത്തത് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സമ്മര്‍ദ തന്ത്രമെന്ന് ആക്ഷേപം. വലിയ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി സര്‍വിസ് നടത്തുന്നതിന് റണ്‍വേക്ക് ബലമില്ളെന്ന സെന്‍ട്രല്‍ റോഡ്സ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് കരിപ്പൂരില്‍ നവീകരണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. വിമാനം ഇറങ്ങുന്ന കിഴക്ക് ഭാഗത്ത് 400 മീറ്ററോളം റണ്‍വേയില്‍ പല ഭാഗത്തും വിള്ളലും ബലക്ഷയവും കണ്ടത്തെിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സാധാരണ നടത്തുന്ന റീകാര്‍പറ്റിങ് പ്രവൃത്തിക്ക് പുറമെ റണ്‍വേ ശക്തിപ്പെടുത്താന്‍ കൂടി തീരുമാനിച്ചത്. തുടര്‍ന്നാണ് പ്രശ്നങ്ങളുള്ളതായി കണ്ടത്തെിയ 400 മീറ്റര്‍ റണ്‍വേ പൂര്‍ണമായി പുതുക്കി നിര്‍മിച്ചത്. 80 സെ.മീ ആഴത്തില്‍ കുഴിച്ചാണ് ഇവിടെ പുതിയ റണ്‍വേ ഒരുക്കിയിരിക്കുന്നത്. നേരത്തേ, അതോറിറ്റി ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് റണ്‍വേ നവീകരണം പൂര്‍ത്തിയായതോടെ പരിഹാരമാകുമെങ്കിലും അധികൃതര്‍ നിലപാട് മാറ്റുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ നിര്‍ത്തിവെച്ച സമയത്ത് അതോറിറ്റി പറഞ്ഞത് നവീകരണം പൂര്‍ത്തിയായാല്‍ അനുമതി നല്‍കുമെന്നാണ്.
എന്നാല്‍, പ്രവൃത്തി അവസാനിച്ച് മാര്‍ച്ച് ഒന്നിന് റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് അധികൃതര്‍ നിലപാട് മാറ്റിയത്. ഹജ്ജ് സര്‍വിസിന് അനുമതി നല്‍കിയാല്‍ കരിപ്പൂരില്‍നിന്ന് നിര്‍ത്തലാക്കിയ സര്‍വിസുകള്‍ക്കും അനുമതി നല്‍കേണ്ടിവരും. ഭൂമി ഏറ്റെടുത്ത് വികസനം പൂര്‍ത്തിയായാല്‍ മാത്രമേ അനുമതി നല്‍കുവെന്നതാണ് ഇപ്പോഴത്തെ നിലപാട്. കൂടാതെ, റണ്‍വേ സ്ട്രിപ്പിന്‍െറ വീതി 300 മീറ്ററായി വര്‍ധിപ്പിക്കണമെന്നും റെസ (റിയര്‍ എന്‍ഡ് സേഫ്റ്റി ഏരിയ) 90 മീറ്റര്‍ എന്നത് 240 മീറ്ററായി വര്‍ധിപ്പിക്കണമെന്നുമാണ് അതോറിറ്റിയുടെ വാദം. എന്നാല്‍, ഈ മാനദണ്ഡങ്ങളെല്ലാം കരിപ്പൂരിന് മാത്രമാണ് ബാധകം. മറ്റ് വിമാനത്താവളങ്ങള്‍ക്കെല്ലാം ഇളവുകളും പരിഗണനയും നല്‍കുമ്പോള്‍ കരിപ്പൂരിന് അവഗണന മാത്രമാണ് കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്നത്. കരിപ്പൂരില്‍ ഏറ്റവും അത്യാധുനിക ലൈറ്റിങ് സംവിധാനമായ സിംപിള്‍ ടച്ച് ഡൗണ്‍ സോണല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യുന്നതിന് സഹായിക്കുന്നതാണ് പുതിയ സംവിധാനം. മൂന്നരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച ഐ.എല്‍.എസും മാര്‍ച്ച് രണ്ടുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
കരിപ്പൂര്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനത്തില്‍
കൊണ്ടോട്ടി: റണ്‍വേ നവീകരണം പൂര്‍ത്തിയായ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് സര്‍വിസിന് അനുമതി നിഷേധിച്ചിട്ടും മൗനം പാലിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. കരിപ്പൂരിനെക്കാളും ചെറിയ വിമാനത്താവളങ്ങളില്‍നിന്ന് പ്രത്യേക അനുമതിയോടെ ഹജ്ജ് സര്‍വിസ് നടത്തുമ്പോഴാണ് കരിപ്പൂരിനെ പൂര്‍ണമായി അവഗണിച്ചത്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിട്ടും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മൗനത്തിലാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഒരു പ്രതികരണവും വന്നിട്ടില്ല. ഹജ്ജ് സര്‍വിസ് കരിപ്പൂര്‍ വഴിയാക്കണമെന്ന് അവസാന നിമിഷത്തിലാണ് കേന്ദ്ര മന്ത്രിമാരെ നേരില്‍ കണ്ട് മന്ത്രി കെ.ടി. ജലീല്‍ ആവശ്യം ഉന്നയിച്ചത്. എന്നാല്‍, ഇതിന് മുമ്പുതന്നെ കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളായ മുസ്ലിം ലീഗും കോണ്‍ഗ്രസും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടകരില്‍ 80 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് നെടുമ്പാശ്ശേരി വഴി യാത്ര പുറപ്പെടുക എന്നത് പ്രയാസം സൃഷ്ടിക്കുന്ന വിഷയമാണ്. തീര്‍ഥാടകരുടെ സൗകര്യത്തിനായി മൂന്ന് എംബാര്‍ക്കേഷന്‍ പോയന്‍റുകളാണ് ഏറ്റവും കൂടുതല്‍ പേരുള്ള ഉത്തര്‍പ്രദേശില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ തീര്‍ഥാടകരുള്ള മലബാറില്‍നിന്ന് ഹജ്ജ് സര്‍വിസ് നടത്താമെങ്കിലും കേന്ദ്രം നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
