വലിയ വിമാനങ്ങൾ കരിപ്പൂർ അനുയോജ്യമെന്ന് സൗദി എയർലൈൻസ് റിപ്പോർട്ട്
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വലിയ വിമാനങ്ങളുടെ സർവിസിന് അനുയോജ്യമെന്ന് സൗദി എയർലൈൻസ് പഠന റിപ്പോർട്ട്. ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ സൗദി എയർലൈൻസ് കരിപ്പൂരിൽ സുരക്ഷ വിലയിരുത്തൽ പഠനം നടത്തിയിരുന്നു. പഠനത്തിെൻറ അടിസ്ഥാനത്തിലാണ് കരിപ്പൂരിൽ തങ്ങളുടെ വിമാനങ്ങൾ സർവിസ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങളുണ്ടെന്ന് അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
ഡി.ജി.സി.എ ആവശ്യപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് സൗദി എയർലൈൻസ് റിപ്പോർട്ട് തയാറാക്കിയത്. കരിപ്പൂരിലെ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വിമാന കമ്പനിയുടെ റിപ്പോർട്ട് കരിപ്പൂരിൽനിന്ന് തിങ്കളാഴ്ച അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് സമർപ്പിക്കും. തുടർന്ന് ഇവിടെ നിന്നും അന്തിമ അംഗീകാരത്തിനായി ഡി.ജി.സി.എക്കും കൈമാറും.
നടപടിക്രമങ്ങൾ വൈകിയില്ലെങ്കിൽ ദിവസങ്ങൾക്കകം കരിപ്പൂരിൽനിന്ന് സർവിസ് പുനരാരംഭിക്കുന്നതിന് സൗദി എയർലൈൻസിന് അനുമതി ലഭിച്ചേക്കും. വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കുന്നതിന് അനുകൂലമായി കരിപ്പൂരിൽനിന്നും 71 പേജുള്ള വിശദമായ പഠന റിപ്പോർട്ട് ജനുവരി രണ്ടിന് എയർപോർട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് സമർപ്പിച്ചിരുന്നു.
