Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണീർ വീണ റൺവേക്ക്...

കണ്ണീർ വീണ റൺവേക്ക് താഴെ അവർ ഒത്തുകൂടി; ഉള്ളുപിടയുന്ന ഓർമകളുമായി...

text_fields
bookmark_border
Karippur flight crash
cancel
camera_alt

കരിപ്പൂർ വിമാനാപകടത്തിന്‍റെ ഒന്നാം വാർഷികത്തിൽ ഇരകളായവരുടെ ബന്ധുക്കളും പരിക്കേറ്റവരും രക്ഷാപ്രവർത്തകരും അപകടസ്ഥലത്ത് ഒത്തുചേർന്ന പരിപാടിയിൽ നിന്ന് 

കൊണ്ടോട്ടി: ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയവരോട് നന്ദി പറഞ്ഞ് കണ്ണീർവീണ റൺവേക്ക് താഴെ അവർ വീണ്ടും സംഗമിച്ചു, ഉള്ളുലയ്ക്കുന്ന ഓർമകളുമായി. വേദനകൾ കടിച്ചമർത്തി ഒരുവർഷം ജീവിതത്തോട് പൊരുതിയത് വിവരിച്ചും ര‍ക്ഷകരായ നാട്ടുകാരോട് നന്ദി പറഞ്ഞും കരിപ്പൂർ വിമാനദുരന്തത്തിലെ ഇരകൾ മനസ്സുതുറന്നപ്പോൾ എല്ലാവരുടെയും ഉള്ളൊന്നു പിടഞ്ഞു. കരിപ്പൂർ വിമാനാപകടത്തിന്‍റെ ഒന്നാം വാർഷികത്തിൽ മലബാർ ഡവലപ്പ്മെന്‍റ് ഫോറമാണ് അപകടത്തിൽ ഇരകളായവരുടെയും മരിച്ചവരുടെ കുടുംബങ്ങളുടെയും രക്ഷാപ്രവർത്തകരുടെയും അപൂർവ സംഗമത്തിന് വേദിയൊരുക്കിയത്. അപകടസ്ഥലത്തിന് സമീപം തന്നെയായിരുന്നു സംഗമം.

അപകടത്തിൽ പരിക്കേറ്റ ഒട്ടുമിക്ക യാത്രികരും സംഗമത്തിനെത്തി. അപകടവും ആശുപത്രിവാസവും തുടർചികിൽസകളുമായി മുന്നോട്ടുപോകുന്നതിന്‍റെ കയ്പ്പേറിയ അനുഭവം പങ്കുവെച്ചു. അപകടസമയത്തെ നിലവിളിയും ഓരോരുത്തരും ജീവന് വേണ്ടി കേഴുന്ന രംഗവും ആ റൺവേക്ക് താഴെ വച്ച് വിവരിക്കുമ്പോൾ കേട്ട് നിന്നവർക്കും കണ്ണീരുവീണു. യാത്രികരിലെ പലർക്കും വിമാനത്തിന്‍റെ ലാൻഡിങ് നടക്കുമ്പോഴുണ്ടായ ശബ്ദവും കുലക്കവുമാണ് ഒാർമയുള്ളത്.

നാദാപുരം ഇയ്യങ്കോട് സ്വദേശി മുടോറ അഷ്റഫിന് വിമാന ലാൻഡിങ് മാത്രമാണ് ഓർമയുള്ളത്. പിന്നീട് 15 ദിവസത്തിന് ശേഷം ബോധം തിരിച്ച് കിട്ടിയ ശേഷമാണ് താൻ യാത്ര ചെയ്ത വിമാനം അപകടത്തിൽപ്പെട്ട കാര്യം പോലും തിരിച്ചറിയുന്നത്. സാരമായി പരിക്കേറ്റ അഷ്റഫിന് പത്ത് ഓപ്പറേഷനാണ് ഇതുവരെ കഴിഞ്ഞത്. ഇപ്പോഴും എണീറ്റ് നടക്കാനായില്ല. ഇങ്ങനെ വേദനയുടെ കയ്പ്പറിഞ്ഞവരാണ് സംഗമിച്ചത്. കൊണ്ടോട്ടി നഗരസഭ, വിവിധ രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ നേതൃത്വത്തിലും വിമാനാപകടത്തിന് ഒരു വർഷം തികഞ്ഞ ശനിയാഴ്ച ഓർമ ദിന പരിപാടി സംഘടിപ്പിച്ചു.

കൈപിടിച്ചുയർത്തിയവർക്ക് എങ്ങിനെ നന്ദി പറയും

'മരണം മുഖാമുഖം കണ്ട സമയം, റൺവേക്ക് താഴെ പതിച്ച വിമാനം കത്തിച്ചാമ്പലാകുമോ എന്ന ഭയം, ജീവനായുള്ള നിലവിളിക്കിടയിൽ രക്ഷകരായി നിരവധി കരങ്ങളുയർന്നു, ജീവൻ നിലനിൽക്കുവോളം കാലം ഈ പ്രദേശത്തുകാരെ മറക്കില്ല' സംഗമത്തിനെത്തിയ വളാഞ്ചേരി പെരുമ്പാൾ സ്വദേശി ആഷിക്ക് രക്ഷാപ്രവർത്തകരെ കുറിച്ച് പറയുമ്പോൾ വാക്കുകൾ മുറിഞ്ഞു. സംഗമത്തിനെത്തിയവർക്കെല്ലാം രക്ഷരെക്കുറിച്ച് പറയുമ്പോൾ നൂറുനാവാണ്.

അപകടത്തിൽപ്പെട്ടവരെ ഓരോരുത്തരെയും കോവിഡ് സാഹചര്യത്തിനിടയിലും ചേർത്ത്പിടിച്ച് ആശുപത്രിയിലേക്ക് ഓടിയതിനെ എങ്ങിനെ മറക്കുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഈ കരങ്ങൾ ചേർത്തുപിടിച്ചവരെ എന്നും ഓർമിക്കാനായി കരിപ്പൂർ പ്രദേശത്ത് ഒരു സ്ഥാപനം പണിയാനുള്ള ആഗ്രഹത്തിലാണ് അപകടത്തിൽ ഇരയായവർ.


ഇനി എന്ത്

അപകടത്തിൽ പരിക്കേറ്റവരുടെ മുന്നിൽ ജീവിതം എങ്ങിനെ മറുതലക്കലെത്തിക്കുമെന്ന ചോദ്യം മാത്രമാണുള്ളത്. സംഗമത്തിനെത്തിയ പലർക്കും അക്കാര്യം തന്നെയാണ് പങ്കുവെക്കാനുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ പകുതിയോളം പേർക്കും നഷ്ടപരിഹാരം ലഭിച്ചില്ല. കിട്ടിയവർക്കാകട്ടെ നാമമാത്ര തുകയും. പെരുമ്പാൾ സ്വദേശി ആഷിക്ക് കൂടെ ജോലി ചെയ്തിരുന്ന സഹോദരൻ ഷഹീൻ, അലി കൊയിലാണ്ടി, ഷംസുദ്ധീൻ കോഴിക്കോട് എന്നിവർ കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടാണ് നാട്ടിലേക്ക് മടങ്ങിയിരുന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ നാലു പേർക്കും നഷ്ടപരിഹാരമായി ഒന്നും ലഭിച്ചില്ല. ഇത് എന്ന് ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ല. ഒരു വർഷമായി ചികിൽസയുമായി മുന്നോട്ടുപോകുന്നു. സംഗമത്തിനെത്തിയ ഭൂരിഭാഗം പേർക്കും ഈ സങ്കടം തന്നെയാണ് പറയാനുള്ളത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportflight crashkaripur Flight Crash
News Summary - karipur airport flight crash remembrance day programme
Next Story