വിമാനാപകടം: പത്തു വയസ്സുകാരി ആശുപത്രി വിട്ടു
text_fieldsപെരിന്തല്‍മണ്ണ: എയർഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മഞ്ചേരി പത്തപ്പിരിയം വടക്കന്‍വീട്ടില്‍ ഷമീറിന്റെ മകള്‍ മിന്‍ഹ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പമാണ് മിന്ഹയും നാട്ടിലേക്ക് വിമാനത്തിലെത്തിയത്.
പിതാവ് ഗള്‍ഫിലായിരുന്നതിനാല്‍ കുടുംബവും അവിടെയായിരുന്നു. തലക്ക് മുറിവേറ്റ മിൻഹ അപകടസ്ഥലത്തുതന്നെ അബോധാവസ്ഥയിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റി. തലക്കുള്ളില്‍ രക്തസ്രാവമുണ്ടായതായും നട്ടെല്ലിന് പൊട്ടലും ശ്വാസകോശങ്ങള്‍ക്ക് ചതവും വയറിനകത്ത് രക്തസ്രാവവും കണ്ടെത്തിയിരുന്നു. 24 ദിവസത്തിന് ശേഷം പൂര്‍ണമായി സുഖംപ്രാപിച്ചാണ് മിൻഹ വീട്ടിലേക്ക് മടങ്ങിയത്.