കോഴിക്കോട്: കരിപ്പൂരില്‍ റൺവെയിൽ തെന്നിമാറി അപകടത്തിൽപെട്ട വിമാനത്തിന് ലാൻഡിങ് സമയത്ത് വേഗത കൂടുതലായിരുന്നുവെന്ന് സൂചന. വിമാനദുരന്തത്തിന് കാരണം ലാൻഡിങ് സമയത്തെ അശ്രദ്ധയാണെന്നാണ് പൊലീസിന്‍റെ എഫ്.ഐ.ആറിലും പറയുന്നത്. ഇത് സംബന്ധിച്ച് എ.ടി.സിയിലെ ഉദ്യോഗസ്ഥരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഡി.ജി.സി.എ അന്വേഷണ സംഘം വിമാനത്താവളത്തില്‍ നിന്നും റഡാര്‍ ചിത്രങ്ങള്‍ ശേഖരിച്ചു. എയര്‍ട്രോഫിക് കണ്‍ട്രോള്‍ റൂമിലെ ലോഗ് ബുക്ക് സീല്‍ ചെയ്തു.
കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം ലാൻഡിങ് നടത്തിയത് റണ്‍വേയുടെ മധ്യഭാഗത്താണ്. അതുപ്രകാരം ലാൻഡിങ് സമയത്ത് വിമാനത്തിന് ഉണ്ടാകേണ്ട പരമാവധി വേഗത്തിലും കൂടുതലായിരുന്നു വിമാനത്തിന്‍റെ വേഗം എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇക്കാര്യം എ.ടി.സിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുമുണ്ട്. അതേസമയം, വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചിരുന്നോ എന്നും പരിശോധിക്കാനായി എന്‍ജിന്‍ പുറത്തെടുത്ത് പരിശോധിക്കുന്നുണ്ട്. കാലാവസ്ഥ കേന്ദ്രത്തിലെ രേഖകളും ശേഖരിച്ചിട്ടുണ്ട്. വിമാനത്തിൻ്റെ ബ്ലാക്ക്ബോക്സ്, കോക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവയുടെ പരിശോധന ഡൽഹിയിൽ നടക്കുന്നുണ്ട്. അവശിഷ്ടങ്ങളുടെ വിശദമായ പരിശോധനയാണ് നടക്കുന്നത്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതിലൂടെ അറിയാൻ കഴിയും.
കരിപ്പൂർ വിമാനാപകടത്തിൽ സംസ്ഥാന പോലീസിന്‍റെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഞായാറാഴ്ചയാണ് മലപ്പുറം അഡീഷനൽ എസ്.പി. ജി.സാബുവിന്‍റഎ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിച്ചത്. ലാന്‍റിങ് സമയത്തെ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമികമായ നിഗമനം. ഐ.പി.സി , എയർക്രാഫ്റ്റ് ആക്ട് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് പോലീസ് അന്വേഷണമാരംഭിച്ചിട്ടുള്ളത്. 30 അംഗ ടീമാണ് അന്വേഷണ സംഘത്തിലുള്ളത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.