കല്ലടിക്കോട് (പാലക്കാട്): കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളിൽ ഭർത്താവ് മരണത്തിന് കീഴടങ്ങി. തച്ചമ്പാറ ചേനമ്പാറ വീട്ടിൽ സതിയുടെ ഭർത്താവ് മഞ്ചേരി തിരുവാലി ശ്രീ വിഹാറിൽ അരവിന്ദാക്ഷൻ (ബേബി 67) ആണ് ഞായറാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. പെരിന്തൽമണ്ണ കിംസ് അൽശിഫ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അരവിന്ദാക്ഷന് കഴിഞ്ഞദിവസം ഹൃദയാഘാതം ഉണ്ടാവുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ഇത് സുഖം പ്രാപിച്ചുവരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
ദുബായിലുള്ള മകൻെറ അടുക്കലേക്ക് പോയതായിരുന്നു അരവിന്ദാക്ഷനും ഭാര്യ സതിയും. പരിക്കേറ്റ രണ്ടുപേരെയും പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. സതി സുഖം പ്രാപിച്ചുവരുന്നു. അരവിന്ദാക്ഷൻെറ സംസ്കാരം കോവിഡ് പരിശോധനകൾക്ക് ശേഷം തിരുവില്വാമല ഐവർമഠത്തിൽ നടത്തും.