കരിപ്പൂർ എംബാർക്കേഷൻ പോയൻറ്: പരിശ്രമം തുടരുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയൻറായി നിലനിർത്തുന്നതിന് ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി െചയർമാൻ ചൗധരി മെഹ്ബൂബ് അലി കൈസർ എം.പി. കരിപ്പൂർ ഹജ്ജ് ഹൗസിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
കേരളത്തിൽനിന്നുള്ള എംബാർക്കേഷൻ പോയൻറ് കരിപ്പൂരാകണമെന്ന് ഇൗ വിഷയം പരിശോധിച്ചപ്പോൾ തങ്ങൾക്ക് ബോധ്യെപ്പട്ടതാണ്. ഇൗ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കുേമ്പാൾ സുരക്ഷ അടക്കമുളള പ്രശ്നങ്ങളാണ് അവർ ഉന്നയിക്കുന്നത്. എംബാർക്കേഷൻ പോയൻറ് കരിപ്പൂരിൽ തിരിച്ചെത്തിക്കുന്നതിനുവേണ്ടി എല്ലാ ശ്രമവും കേന്ദ്ര ഹജ്ജ് കമ്മിറ്റി നടത്തുന്നുണ്ട്. പുതിയ ഹജ്ജ് നയത്തിൽ പുനരവലോകന സമിതി നിർദേശിച്ച കുറേ മാറ്റങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നും സംസ്ഥാനങ്ങൾ എതിർപ്പുമായി രംഗത്തെത്തിയതിനെ തുടർന്നുമാണെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയൻറ്, അഞ്ചാം വർഷ അപേക്ഷകരെ ഉൾപ്പെടുത്തൽ, ഹജ്ജ് ക്വോട്ട തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അദ്ദേഹത്തിന് നിവേദനം നൽകി. എൽ.ജെ.പി സംസ്ഥാന പ്രസിഡൻറ് എം. മെഹബൂബ്, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, അംഗങ്ങളായ ശരീഫ് മണിയാട്ടുകുടി, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, എ.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.