കരിഞ്ചോല ഉരുള്‍പൊട്ടല്‍: സർവകക്ഷി യോഗത്തില്‍ കൈയാങ്കളി
text_fields
താമരശ്ശേരി: കരിഞ്ചോല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന സർവകക്ഷി യോഗം സംഘര്‍ഷത്തിൽ കലാശിച്ചു. തിങ്കളാഴ്ച ഉച്ച രണ്ടരയോടെ ഗ്രാമപഞ്ചായത്ത് കോൺഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കാന്‍ അവസരം നൽകിയില്ലെന്നാരോപിച്ച് ഒരുവിഭാഗം യുവാക്കള്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. തന്നെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് കാരാട്ട് റസാഖ് എം.എല്‍.എ ആശുപത്രിയിൽ ചികിത്സ തേടി.
ഉച്ചക്ക് യോഗം ആരംഭിച്ചശേഷം വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ സംസാരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡൻറിെൻറ ഓഫിസില്‍ കക്ഷി നേതാക്കളും ഉദ്യോഗസ്ഥരും മാത്രം പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചു. ഈ സമയം തങ്ങളുടെ പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നാരോപിച്ച് ഒരുവിഭാഗം യുവാക്കള്‍ ബഹളം വെക്കുകയും ഇവരുടെ അഭ്യർഥന മാനിച്ച്, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയും നാട്ടുകാരനുമായ അന്‍വര്‍ സഖാഫിക്ക് അവസരം നല്‍കുകയും ചെയ്തു.
തങ്ങളുടെ പ്രതിനിധികള്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് യുവാക്കളില്‍ ചിലര്‍ ശാഠ്യം പിടിച്ചു. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിതീഷ് കല്ലുള്ളതോട് ഇവരെ സംസാരിക്കാന്‍ ക്ഷണിച്ചു. ഇതോടെ, അധ്യക്ഷനായ എം.എല്‍.എതന്നെ തങ്ങളെ സംസാരിക്കാന്‍ ക്ഷണിക്കണമെന്നായി പ്രതിഷേധക്കാരുടെ ആവശ്യം. ഇത് നിരസിച്ച എം.എല്‍.എ യോഗം അവസാനിച്ചതായി അറിയിച്ച് വേദിവിട്ടിറങ്ങി.
ഈ സമയം സദസ്സിലുണ്ടായിരുന്ന ഒരുകൂട്ടം യുവാക്കള്‍ ബഹളം വെക്കുകയും എം.എൽ.എയെ പോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് തടഞ്ഞുവെക്കുകയുമായിരുന്നു. പിന്നീട് യുവാക്കള്‍ തന്നെ കൈയേറ്റം ചെയ്തെന്നാരോപിച്ച് എം.എല്‍.എ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
