നിസ്സംഗത, കാത്തിരിപ്പ്...
text_fieldsകരിഞ്ചോലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ മുഴുവന്‍ മൃതദേഹങ്ങള്‍ കണ്ടുകിട്ടാനുള്ള ബന്ധുക്കളുടെ കാത്തിരിപ്പ് സങ്കടക്കാഴ്ചയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാർക്കും മൃതദേഹങ്ങള്‍ പുറത്തെടുക്കുകയെന്ന ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. നാട്ടുകാരുടെ പ്രാര്‍ഥനയും മറ്റൊന്നായിരുന്നില്ല.
ദുരന്തനിവാരണ സേനക്കാര്‍ക്ക് കാര്യമായ റോളില്ലാതിരുന്ന കരിഞ്ചോലയില്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ മാത്രമേ ഫലം കണ്ടിരുന്നുള്ളൂ. മണ്ണ് നീക്കം ചെയ്യല്‍ മനുഷ്യസാധ്യമല്ലാത്തതിനാലാണ് മണ്ണുമാന്തിയന്ത്രങ്ങളെ ആശ്രയിച്ചത്. നാലാം ദിവസമായ ഞായറാഴ്ച ദുരന്തസ്ഥലത്ത് മണ്ണിനടിയിലമര്‍ന്ന മരങ്ങളുടെ ചീഞ്ഞമണമായിരുന്നു. ഇവിടം വൃത്തിയാക്കുന്ന ജോലികള്‍ തുടങ്ങാൻ അവസാന മൃതദേഹവും കിട്ടണം.
ശനിയാഴ്ച നാലു മൃതദേഹങ്ങള്‍ കിട്ടിയപ്പോള്‍ ബാക്കിയുണ്ടായിരുന്നത് രണ്ടെണ്ണമായിരുന്നു. കരിഞ്ചോല ഹസെൻറ ഭാര്യ ആസ്യയുടെ മൃതശരീരം ഞായറാഴ്ച ഉച്ചക്കു ശേഷം കിട്ടിയതോടെ ഇനി കാത്തിരിപ്പ് കരിഞ്ചോല അബ്ദുറഹ്മാെൻറ ഭാര്യ നഫീസക്കു വേണ്ടിയാണ്. സഹോദരിയായ നഫീസക്കായി വ്യാഴാഴ്ച മുതല്‍ നാലു പകലും അബ്ദുറഹ്മാന് കാത്തിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് വീട് നിന്ന സ്ഥലവും മറ്റും കാണിച്ചുകൊടുത്ത് ഇദ്ദേഹം ദുരന്തസ്ഥലത്തുണ്ട്.
സമീപ പ്രദേശമായ കോളിക്കലില്‍ താമസിക്കുന്ന അബ്ദുറഹ്മാന് ജനിച്ചു വളര്‍ന്നത് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ പറമ്പിലെ വീട്ടിലായിരുന്നു. സഹോദരിയുടെ വിവാഹശേഷം മരിച്ച അബ്ദുറഹ്മാനും സമീപം താമസിച്ചു. ദുരന്തത്തില്‍പെട്ട വീട് അഞ്ചു വര്‍ഷം മുമ്പാണ് നിര്‍മിച്ചത്. ഇതിനരികിലൂടെ മലമുകളിലേക്ക് നിര്‍മിക്കുന്ന റോഡിനായി സ്ഥലംവിറ്റിരുന്നു.
നഫീസയുടെ അനുജത്തി സൈനബ വെട്ടിഒഴിഞ്ഞ തോട്ടം ജി.എല്‍.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും കാത്തിരിക്കുന്നുണ്ട്. അവസാനമായി ഇത്താത്തയെ ഒരുനോക്കുകാണാന്‍. ഇന്‍ക്വസ്റ്റ് നടത്തുന്ന താമരശ്ശേരി പൊലീസ്, വെട്ടിഒഴിഞ്ഞതോട്ടം ജുമാ മസ്ജിദിലെ ഖബര്‍ കുഴിക്കുന്നവര് എന്നിവരും അവസാന മൃതദേഹത്തിനായി കാത്തിരിക്കുകയാണ്.
മരം കൂടിയാല്‍ ഉരുള്‍പൊട്ടുമോ?
വനമേഖലയില്‍ മരങ്ങള്‍ കൂടുന്നതിനാലാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്ന് കേട്ടിട്ടുണ്ടോ? കരിഞ്ചോല ദുരന്തത്തിന് രണ്ടു ദിവസം മുമ്പ് ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടിയപ്പോള്‍ ചിലരുടെ പ്രചാരണമായിരുന്നു അത്. കാടിനെയും മലനിരകളെയും കുറ്റം പറയാനും ചൂഷണം ചെയ്യാനും ആളുകള്‍ ഏറെയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തില്‍ കണ്ടതും ഇത്തരക്കാരുടെ ഐക്യമായിരുന്നു. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി ഡോ. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കി 2013 നവംബര്‍ 14നാണ് മന്മോഹന് സിങ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ കര്‍ഷകരുടെ പേരില്‍ കട്ടിപ്പാറയുടെ തൊട്ടപ്പുറത്ത് താമരശ്ശേരിയിലും മലയോരപ്രദേശങ്ങളിലും പ്രതിഷേധപരമ്പരകള്‍ അരങ്ങേറി. ക്വാറികള്‍ക്കും മണല്‍ഖനനത്തിനും നിരോധനമെന്ന പ്രധാന ശിപാര്‍ശ നടപ്പാകുമെന്ന് പേടിച്ച്് ക്വാറി മാഫിയയും 20,000 ചതുരശ്ര മീറ്ററില്‍ അധികമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കിയതിനാല്‍ റിയല്‍ എസ്റ്റേറ്റ് താല്പര്യക്കാരും ഈ സമരത്തിന് പിന്നിലുണ്ടായിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. കെടവൂര്‍, പുതുപ്പാടി, നെല്ലിപ്പൊയില്‍, കോടഞ്ചേരി, തിരുവമ്പാടി തുടങ്ങിയ വില്ലേജുകളായിരുന്നു ജില്ലയുടെ വടക്കു കിഴക്ക് ഭാഗത്തുനിന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ബാധകമായവ. കട്ടിപ്പാറ അതീവ പരിസ്ഥിതി ലോലപ്രദേശമായല്ല അധികൃതര്‍ കണ്ടത്.
2013 നവംബര്‍ 15ന് താമരശ്ശേരിയിലും അടിവാരത്തും വ്യാപക അക്രമമായിരുന്നു പ്രതിഷേധക്കാര്‍ നടത്തിയത്. താമരശ്ശേരിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ഫയലുകളും കമ്പ്യൂട്ടറുകളും തൊണ്ടിവാഹനങ്ങളും കത്തിച്ചു. കാട്ടില്‍ വിടാന്‍ സൂക്ഷിച്ച പാമ്പുകള്‍ വരെ കരിഞ്ഞുപോയി. ഫയലുകളും കമ്പ്യൂട്ടറുകളും കത്തിച്ചതിനാല്‍ വനംവകുപ്പുമായി ബന്ധപ്പെട്ട ചില കേസുകളില്‍ പ്രതികള്‍ക്ക് രക്ഷയായി. ടിപ്പര്‍ ലോറികളിലെത്തിയ അക്രമികള്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ രഹസ്യ പിന്തുണയുണ്ടായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പോലെ അക്രമികള്‍ക്കെതിരായ കേസുകളും എവിടെയുമെത്തിയില്ല.
മലയോര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പിന്നീട് പൂര്‍വാധികം ശക്തിയോടെ കല്ലുകള്‍ തുരന്നെടുക്കുകയാണ്. കരിഞ്ചോല മലയുള്പ്പെടുന്ന പൂവന്‍മലയുടെ എതിര്‍ഭാഗത്തുള്ള കൊളമല വനവും ക്വാറി മുതലാളിമാര്‍ തുരന്നു തീര്‍ക്കുകയാണ്. കട്ടിപ്പാറ പഞ്ചായത്തില്‍പ്പെട്ട കൊളമല ഏറ്റവും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമാണ്. ദിവസവും നൂറുകണക്കിന് ലോഡ്് കരിങ്കല്ല് ഇവിടെനിന്ന് കടത്തുന്നുണ്ട്. ക്വാറി പ്രവര്‍ത്തനം തുടരുന്നത് നാട്ടുകാര്‍ക്ക് സ്വൈരക്കേടാണെങ്കിലും മുതലാളിമാരുടെ പണത്തിന് മുന്നില്‍ ലംഘനങ്ങൾ തുടരുകയാണ്. 2014 ജൂണ്‍ നാലിന് കൊളമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കൂറ്റന്പാറക്കല്ലുകളാണ് 500 മീറ്ററോളം ഒഴുകിവന്നത്. ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും അന്ന് തകര്‍ന്നു. വീടുകളില്‍ ആളില്ലാതിരുന്നതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടായില്ലെന്നു മാത്രം. ഈ വീടുകളെല്ലാം പിന്നീട് പുനര്‍നിര്‍മിച്ചു. സര്‍ക്കാറല്ല, കൊളമലയിലെ ക്വാറി മാഫിയയായിരുന്നു പരാതികള്‍ ഒതുക്കാനായി വീട് പുതുക്കിപ്പണിതത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
