കരീം വധം: ഒളിവിൽ പോയ പ്രതി സൗദിയിൽ പിടിയിൽ
text_fieldsകൊല്ലപ്പെട്ട അബ്ദുൽ കരീം
കോഴിക്കോട്: റിസോർട്ട് ഉടമയെ അടിച്ചുകൊന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ സൗദി പൊലീസ് പിടികൂടി. വൈത്തിരി ജംഗിൾ പാർക്ക് റിസോർട്ട് ഉടമ ചേവായൂർ വൃന്ദാവൻ കോളനിയിലെ അബ്ദുൽ കരീം വധക്കേസ് പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് പിടിയിലായത്. ഇയാൾക്കായി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സൗദി-ഒമാൻ അതിർത്തിയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയത്തിന് വിവരം നൽകുകയും പിന്നീട് കേരള പൊലീസിനെ അറിയിക്കുകയുമായിരുന്നു. പ്രതിയെ നാട്ടിലെത്തിക്കാനായി ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻകുട്ടി, ഇൻസ്പെക്ടർ ടി. ബിനുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത് പ്രഭാകർ എന്നിവരടങ്ങുന്ന സംഘത്തെ ഡി.ജി.പി അനിൽകാന്ത് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ യാത്രക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. അടുത്ത ആഴ്ച സംഘം പ്രതിയെ തിരിച്ചെത്തിക്കാനായി സൗദിയിലേക്ക് പോകും. പിടിയിലായ മുഹമ്മദ് ഹനീഫ വിദേശത്തേക്ക് പോയതിനു പിന്നാലെ ഒരുതവണ നേപ്പാൾ വഴി നാട്ടിൽ വന്നതായും പിന്നീട് തിരിച്ചുപോയതുമായാണ് അന്വേഷണസംഘത്തിന് നേരത്തെ ലഭിച്ച വിവരം. പിന്നാലെയാണ് ഇന്റർപോളിന്റെയടക്കം സഹായത്തോടെ അന്വേഷണം ആരംഭിച്ചത്. പ്രതി കഞ്ചാവ് കേസിലും പിടികിട്ടാപ്പുള്ളിയാണ്.
2006ലാണ് കൊലപാതകം നടന്നത്. താമരശ്ശേരി ചുരത്തിലൂടെ ജീപ്പിൽ യാത്രചെയ്യവെ ക്വട്ടേഷൻ സംഘം തടഞ്ഞുനിർത്തി കരീമിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നൂറാംതോട് ഭാഗത്ത് മൃതദേഹം ഉപേക്ഷിച്ചു. കരീമിന്റെ റിസോർട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി ബാബു വർഗീസായിരുന്നു ക്വട്ടേഷൻ നൽകിയത്. ബിസിനസിലെ തർക്കത്തെ തുടർന്ന് ഗുണ്ടകളുമായെത്തി ബാബു വർഗീസ് കരീമിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇത് കേസാവുകയും ബാബു വർഗീസ് റിമാൻഡിലാവുകയും ചെയ്തു. ഈ വിരോധത്തിലാണ് വധിക്കാൻ ക്വട്ടേഷൻ നൽകിയത്. കേസിലെ 11 പ്രതികളിൽ ഒരാൾ മരിച്ചു. രണ്ടുപേരെ വെറുതെ വിടുകയും ഏഴുപേരെ ശിക്ഷിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

