കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റിൽ; കൂടുതൽ പേരിലേക്ക് അന്വേഷണം
text_fieldsഅറസ്റ്റിലായ നബീൽ
കാസർകോട്: കാറഡുക്ക അഗ്രികൾചറിസ്റ്റ് സഹകരണ സംഘത്തിൽനിന്ന് വ്യാജരേഖയിൽ 4.76 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശി നബീലിനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇൻസ്പെക്ടർ സഞ്ജയ് കുമാർ കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്തത്.
സംഘം സെക്രട്ടറിയും സി.പി.എം മുളിയാർ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനൊപ്പം തമിഴ്നാട് ഈറോഡിൽനിന്ന് പിടിയിലായ മഞ്ചക്കണ്ടി അബ്ദുൽ ജബ്ബാറിനെ ചോദ്യം ചെയ്തപ്പോഴാണ് നബീലിന്റെ പങ്ക് തെളിഞ്ഞത്. ജബ്ബാറിന്റെ അക്കൗണ്ടിൽനിന്ന് രണ്ടുകോടി രൂപ നബീലിന്റെ അക്കൗണ്ടിലെത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
ഒന്നാം പ്രതി രതീശനും ജബ്ബാറിനും പുറമെ കാഞ്ഞങ്ങാട് പറക്ലായിയിലെ ഗഫൂർ, നെല്ലിക്കാട്ടെ അനിൽകുമാർ, പള്ളിക്കരയിലെ ബഷീർ എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. രതീശൻ, ജബ്ബാർ എന്നിവരെ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാൻ പ്രതികളെ വിട്ടുകിട്ടുന്നതിന് അപേക്ഷ നൽകും. നബീലിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. സി.പി.എം നേതൃത്വത്തിലുള്ള സംഘത്തിലാണ് തട്ടിപ്പ് നടന്നത്. തട്ടിപ്പിനെത്തുടർന്ന് രതീശനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
രതീശന് അഞ്ചുകോടി കമീഷൻ; കേസിന് അന്താരാഷ്ട്ര ബന്ധം
കാസർകോട്: കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് നടത്താൻ രതീശനുള്ള പ്രേരണ അബ്ദുൽ ജബ്ബാറിൽനിന്ന് ലഭിച്ച അഞ്ചുകോടി രൂപയുടെ വാഗ്ദാനമെന്ന് അന്വേഷണ സംഘം. സൊസൈറ്റിയുടെ വൻ വളർച്ച സ്വപ്നം കണ്ട രതീശൻ വഴിവിട്ട നിലയിൽ സമ്പന്നരെ തേടിപ്പോയതാണ് തട്ടിപ്പിലേക്ക് എത്തിയത്. സൊസൈറ്റിയെ കോടികൾ ആസ്തിയുള്ള സ്ഥാപനമാക്കാൻ വൻതുകയുടെ നിക്ഷേപം ലക്ഷ്യം വെച്ചു. സൊസൈറ്റിയുടെ ആസ്ഥാനം വികസിപ്പിക്കാൻ പത്തുകോടിയുടെ നിക്ഷേപമാണ് മനസ്സിൽ കണ്ടത്. ഇത് സംഘടിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് സുഹൃത്തായ ആൾ മഞ്ചക്കണ്ടി അബ്ദുൽ ജബ്ബാറിനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹം പത്തുകോടി വാഗ്ദാനം ചെയ്തു. എന്നാൽ, പണം സംഘത്തിന് കിട്ടിയില്ല. ബ്രിട്ടനിൽനിന്ന് 673 കോടി രൂപ ലഭിക്കാനുണ്ടെന്നും അത് തരപ്പെട്ടാൽ എല്ലാ കാര്യങ്ങളും ശരിയാകുമെന്നും ജബ്ബാർ രതീശനെ വിശ്വസിപ്പിച്ചു. ഇതിന്റെ തെളിവുകൾ എന്നപേരിൽ വ്യാജരേഖകൾ രതീശനെ കാണിച്ചു.
ആ ഇടപാട് നടക്കണമെങ്കിൽ കുറച്ച് പണം വായ്പയായി ജബ്ബാർ ആവശ്യപ്പെട്ടു. ബാങ്കിന്റെ നിയമപരമായ പരിധിക്കപ്പുറമുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള വിദ്യ ജബ്ബാർ തന്നെയാണ് പറഞ്ഞുകൊടുത്തത്. ജബ്ബാറുമായുള്ള ബന്ധം രതീശനെ കൂടുതൽ കുരുക്കിലേക്ക് നയിച്ചു. ഇടപാടുകാരുടെ സ്വർണത്തിന്മേൽ വായ്പ നൽകി. പിന്നാലെ കേരള ബാങ്കിന്റെ പണം മറിച്ചുനൽകി. ഒടുവിൽ ബാങ്ക് ലോക്കർ തുറന്ന് സ്വർണം എടുത്തുകൊണ്ടുപോയി. ഇതോടെ തട്ടിപ്പ് പുറത്തറിഞ്ഞു,
രതീശൻ ഒളിവിലുമായി. കേസിൽ രതീശൻ മുഖ്യ പ്രതിയാണെങ്കിലും കേസ് വികസിക്കുമ്പോൾ ജബ്ബാറായിരിക്കും തട്ടിപ്പിന്റെ സൂത്രധാരനെന്ന് അന്വേഷണസംഘം പറയുന്നു. വിദേശത്തുള്ള മലയാളികൾ ഉൾപ്പെടുന്ന വലിയ റാക്കറ്റ് ജബ്ബാറിനെ ചുറ്റിയുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുമ്പോൾ അത് വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

