കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsലിന്റൊ
പെരുമ്പാവൂര്‍: കൊലപാതക കേസിലെയും മറ്റ് നിരവധി കേസുകളിലേയും പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലിന്റോയെയാണ് (26) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപ്പറേഷന് ക്ലീനിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.
കുറുപ്പംപടി, കോടനാട്, പെരുമ്പാവൂര്‍, കുന്നത്തുനാട്, മൂവാറ്റുപുഴ, തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന് പരിധികളില്‍ കൊലപാതകം, കവര്‍ച്ച, മോഷണം, ദേഹോപദ്രവം, മയക്കുമരുന്ന്, കാപ്പ ഉത്തരവിന്റെ ലംഘനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ തൃശൂരിലെ ഒരു ജ്വല്ലറി ജീവനക്കാരില്‍ നിന്നും മൂന്ന് കിലോയോളം സ്വര്‍ണം കവര്‍ച്ചചെയ്ത കേസിലും ഒക്ടോബറില്‍ കോടനാട് പ്രളയക്കാട് കല്ലുമല ഭാഗത്ത് തേറോടത്തി മലയില്‍ വീട്ടില്‍ വേലായുധന് എന്നയാളെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2022 ഡിസംബറില്‍ ആറ് മാസം കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു.

