സി.പി.എമ്മിനെ വിമർശിച്ച യുവനേതാവിനെ തള്ളി കാന്തപുരം വിഭാഗം: ‘പ്രചാരണങ്ങൾ അസംബന്ധം, പ്രസ്ഥാനത്തെ തെറ്റിദ്ധരിക്കരുത്’
text_fieldsകോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കാന്തപുരം വിഭാഗം സുന്നി മുൻനേതാവിന്റെ പ്രസ്താവന തള്ളി കേരള മുസ്‍ലിം ജമാഅത്ത്. കഴിഞ്ഞദിവസം സി.പി.എമ്മിന്റെ ആർ.എസ്.എസ് അനുകൂല നിലപാടിനെതിരെ കാന്തപുരം വിഭാഗം എസ്.വൈ.എസ് മുൻ നേതാവ് മുഹമ്മദലി കിനാലൂർ ഫേസ്ബുകിൽ പോസ്റ്റ് ഇട്ടിരുന്നു.
അത് അപ്പാടെ തള്ളിക്കൊണ്ടാണ് കാന്തപുരം വിഭാഗത്തിന്റെ സംഘടനയായ കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാനകമ്മിറ്റി നിലവിൽ വന്നിരിക്കുന്നത്. ഉപ തെരഞ്ഞെടുപ്പിൽ സുന്നി പ്രസ്ഥാനത്തിന്റെ പേരിൽ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സംഘടനക്ക് കൃത്യമായ ദിശാ ബോധമുണ്ടെന്നും സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു. മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക് പരാമർശങ്ങളുമായി പ്രസ്ഥാനത്തിന് ഒരു ബന്ധവുമില്ല. അതുമായി ബന്ധപ്പെടുത്തി മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ അസംബന്ധമാണ്. ഇതിന്റെ പേരിൽ പ്രസ്ഥാനത്തെ തെറ്റിദ്ധരിക്കരുതെന്നും നിലപാടുകൾ പറയാൻ പ്രസ്ഥാനത്തിന് ഒരു ഏജൻസിയുടെയും ആവശ്യമില്ലെന്നും സംസ്ഥാനകമ്മിറ്റി അറിയിച്ചു.
‘എത്ര കടുപ്പമുള്ള വർഗീയ പ്രസ്താവനയും കേരളത്തിൽ ചെലവാകും എന്ന് വിദ്വേഷ പ്രചാരകർക്ക് ആത്മവിശ്വാസം കൈവന്ന കാലം കൂടിയാണ് ഇടതുഭരണത്തിൽ കടന്നുപോകുന്നതെന്ന് മുഹമ്മദലി കിനാലൂർ പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയ കെ.ആർ. ഇന്ദിരക്കെതിരായ കേസ് അവസാനിപ്പിച്ച വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു വിമർശനം. ‘സ്വരാജ് നന്നായി വായിക്കും, നന്നായി എഴുതും, നന്നായി പ്രസംഗിക്കും. ഫാഷിസത്തിനെതിരെ നിലപാടുണ്ട്, സയണിസത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സംസാരിച്ചിട്ടുണ്ട്, പൂക്കളെ കുറിച്ച് പുസ്തകമുണ്ട്, രാഷ്ട്രീയ വ്യക്തതയുടെ ഭാഗമായി ജാതിവാൽ മുറിച്ചു കളഞ്ഞിട്ടുണ്ട്, ഇടയ്ക്കിടെ നിലപാട് മാറ്റിപ്പറയില്ല എന്ന ഗുണവുമുണ്ട്. പക്ഷേ, പക്ഷേ അദ്ദേഹത്തിന്റെ പാർട്ടി നയിക്കുന്ന ഭരണകൂടം തെറ്റായ ദിശയിലാണ്’ എന്നിങ്ങനെ ആയിരുന്നു മുഹമ്മദലിയുടെ ഫേസ്ബുക് കുറിപ്പ്.
‘മൂന്നാം പിണറായി സർക്കാർ ലക്ഷ്യമിട്ടാണ് സിപിഎം നിലമ്പൂരിൽ സ്വരാജിനെ കളത്തിലിറക്കിയത്. ഒരിക്കൽക്കൂടി എൽ ഡി എഫിന് തുടർഭരണം കിട്ടിയാൽ അത് കേരളത്തിന്റെ മതേതരത്വത്തിന് ആഴത്തിൽ മുറിവേൽപ്പിക്കും എന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ ഒമ്പത് വർഷം കേരളത്തിൽ ആഭ്യന്തര വകുപ്പ് 'ഭരിച്ചത്' ആരാണ് എന്നതിനെ മാത്രം ആശ്രയിച്ചല്ല ഇത് പറയുന്നത്. ബിജെപി രാഷ്ട്രീയമായി വലിയ വളർച്ച കൈവരിച്ച ഒമ്പത് വർഷങ്ങളാണ് കടന്നുപോയത്. സംശയം ഉള്ളവർക്ക് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വോട്ട് വിഹിതം പരിശോധിക്കാവുന്നതാണ്. എത്ര കടുപ്പമുള്ള വർഗീയ പ്രസ്താവനയും കേരളത്തിൽ ചെലവാകും എന്ന് വിദ്വേഷ പ്രചാരകർക്ക് ആത്മവിശ്വാസം കൈവന്ന കാലം കൂടിയാണ് കടന്നുപോകുന്നത്. അത്തരക്കാർക്ക് ഒരു കൂസലും കൂടാതെ പിന്നെയും പിന്നെയും വർഗീയത പറയാൻ അവസരം നൽകിയ ഭരണകൂടമാണ് ഇപ്പോൾ സംസ്ഥാന ഭരണം കയ്യാളുന്നത്.
ആ ഭരണത്തിന് തുടർച്ച ഉണ്ടാകുന്നത് സി.പി.എം എന്ന പാർട്ടിയുടെ അസ്തിത്വം തന്നെ തകർക്കും എന്നാണ് എന്റെ ബോധ്യം. സി.പി.എം മറ്റൊരു ആർ.എസ്.എസ് ആയി മാറും എന്ന് ഞാൻ കരുതുന്നില്ല.
പക്ഷേ ഭരണകൂടം ആർ.എസ്.എസിന്റെ ആഗ്രഹം നിവർത്തിച്ചു കൊടുക്കും / കൊടുത്തിട്ടുണ്ട് എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. പൊലീസിലെ സംഘിവത്കരണം അതിന്റെ മൂർദ്ധന്യതയിൽ ആണെന്ന് സ്വന്തം മുന്നണിയിൽ പെട്ടവർക്ക് പോലും അഭിപ്രായം ഉണ്ട്. പി.വി അൻവർ ഇടതുപക്ഷം വിടാൻ ഉന്നയിച്ച വിഷയങ്ങളിലൊന്ന് ഇതായിരുന്നല്ലോ’ -മുഹമ്മദലി ചൂണ്ടിക്കാട്ടി.
എന്നാൽ ഈ കുറിപ്പ് പൂർമണായും തള്ളിക്കൊണ്ടാണ് കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

