Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിന്‍റെ ‘രണ്ടുരൂപ...

കണ്ണൂരിന്‍റെ ‘രണ്ടുരൂപ ഡോക്ടർ’ എ.കെ. രൈരു ഗോപാൽ അന്തരിച്ചു; വിടവാങ്ങിയത് രോഗികളിൽനിന്ന് രണ്ടു രൂപ ഫീസ് വാങ്ങിയ ഡോക്ടർ

text_fields
bookmark_border
കണ്ണൂരിന്‍റെ ‘രണ്ടുരൂപ ഡോക്ടർ’ എ.കെ. രൈരു ഗോപാൽ അന്തരിച്ചു; വിടവാങ്ങിയത് രോഗികളിൽനിന്ന് രണ്ടു രൂപ ഫീസ് വാങ്ങിയ ഡോക്ടർ
cancel

കണ്ണൂർ: കണ്ണൂരിന്റെ ജനകീയ ഡോക്ടർ എ.കെ. രൈരു ഗോപാൽ (80) അന്തരിച്ചു. സാധാരണക്കാരുടെ അത്താണിയായിരുന്നു ഡോക്ടറും അദ്ദേഹത്തിന്റെ ക്ലിനിക്കും.

അരനൂറ്റാണ്ടോളം രണ്ടുരൂപ മാത്രം ഫീസ് വാങ്ങിയാണ് രോഗികളെ പരിശോധിച്ചിരുന്നത്. വാർധക്യസഹജമായ രോഗത്തെ തുർന്നാണ് അന്ത്യം. പുലർച്ചെ നാലുമുതൽ വൈകീട്ട് നാലുവരെ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാക്കി. ആദ്യം തളാപ്പ് എൽ.ഐ.സി ഓഫിസിന് സമീപത്തെ വീട്ടിലാണ് 35 വർഷം രോഗികളെ പരിശോധിച്ചത്. പിന്നീട് പരിശോധന താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിലേക്ക് മാറ്റി.

കുട്ടികൾ മുതൽ പ്രായമുള്ളവർവരെ ചികിത്സക്കായി ഇവിടെ എത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായി നൽകും. പിതാവ്: പരേതനായ ഡോ. എ.ജി. നമ്പ്യാർ. മാതാവ്: പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ. ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. സഹോദരങ്ങൾ: ഡോ. വേണുഗോപാൽ, പരേതനായ ഡോ. കൃഷ്ണഗോപാൽ, ഡോ. രാജഗോപാൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് പയ്യാമ്പലത്ത്

കണ്ണൂരുകാർക്ക് രണ്ടുരൂപ ഡോക്ടർ

കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിടവാങ്ങിയത്. കൂലിപ്പണിക്കാരുടെയും തുച്ഛ വരുമാനമുള്ള തൊഴിലാളികളുടെയും ജോലി മുടങ്ങാതിരിക്കാൻ തന്‍റെ പരിശോധന സമയം ക്രമപ്പെടുത്തിയ ഡോക്ടർ ഒരുപക്ഷെ ലോകത്തെവിടെയും ഉണ്ടാകില്ല.

രൈരു ഗോപാലിന്‍റെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുകയറിയവരും മാറാരോഗങ്ങൾ ഭേദപ്പെട്ടവരും നിരവധി. നാടും നഗരവും വ്യത്യാസമില്ലാതെ ഡോക്ടർമാർ നാനൂറും അഞ്ഞൂറും രൂപ ഫീസായും അതിലുമേറെ തുക മരുന്നിനത്തിലും ഈടാക്കുമ്പോഴാണ് രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറുടെ മാലാഖക്കുപ്പായമണിയുന്നത്.

മരുന്നും പരിശോധനയും അടക്കം നാൽപതോ അമ്പതോ രൂപ മാത്രമാണ് രോഗികളിൽനിന്ന് വാങ്ങുക. പണമില്ലാത്തവർക്ക് സൗജന്യചികിത്സയും. സൗജന്യനിരക്കിൽ കണ്ണൂരിന്‍റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടർ ജോലി നിർത്തുമ്പോൾ ഇങ്ങനെയൊരാൾ ഇനിയുണ്ടാവില്ലെന്നാണ് കണ്ണൂരുകാർ പറയുന്നത്. വർഷങ്ങൾക്കുമുമ്പ് പരിശോധന തുടങ്ങിയ കാലത്ത് ചികിത്സിക്കാനായി ഒരു രോഗിയുടെ വീട്ടിലെത്തിയപ്പോൾ കണ്ട ദയനീയാവസ്ഥയാണ് രൈരു ഡോക്ടറെ സേവന വഴിയിലെത്തിച്ചത്. നല്ല വസ്ത്രങ്ങൾ അണിഞ്ഞെത്തിയ ഒരാളാണ് ഡോക്ടറെ കൂട്ടിക്കൊണ്ടുപോകാനെത്തിയത്.

രോഗിയുടെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ചകൾ ദയനീയം. ദുരവസ്ഥ നാട്ടുകാർ അറിയാതിരിക്കാൻ ആകെയുള്ള ഒരു കുപ്പായവും മുക്കുപണ്ടങ്ങളും ധരിച്ചാണ് വീട്ടുകാർ പുറത്തിറങ്ങുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാത്തതിനാൽ ഒരു സമയം വീട്ടിലെ ഒരാൾക്ക് മാത്രമാണ് പുറത്തിറങ്ങാനാവുക. പണമൊന്നും വാങ്ങാതെ അന്നു തുടങ്ങിയ ചികിത്സയാണ് സൗജന്യ നിരക്കിൽ ഇക്കാലമത്രയും തുടർന്നത്.

രൈരു ഡോക്ടറുടെ പിതാവ് എ. ഗോപാലൻ നമ്പ്യാർ കണ്ണൂരിലെ അറിയപ്പെടുന്ന ഡോക്ടറും മനുഷ്യസ്നേഹിയുമായിരുന്നു. ആൺമക്കൾ നാലുപേരും ഡോക്ടറായതോടെ ഗോപാലൻ നമ്പ്യാർ നാലാളെയും അടുത്തുവിളിച്ച് ഈ പ്രഫഷനെ കുറിച്ചും ധാർമികതയെക്കുറിച്ചുമൊക്കെ സംസാരിച്ചു.

പണമുണ്ടാക്കാനാണെങ്കിൽ പാരയുമായി ബാങ്ക് പൊളിക്കാൻ പോയാൽ മതിയെന്നും ഈ തൊഴിലിന് നിൽക്കരുതെന്നുമായിരുന്നു പ്രധാന ഉപദേശം. ഈ വഴിയിലാണ് നാല് ആൺമക്കളും കടന്നുപോകുന്നത്. ഡോ. രൈരു ഗോപാൽ സന്നദ്ധ സേവനം ജീവിതവ്രതമാക്കി. അതുകൊണ്ടുതന്നെ പരിശോധന ഫീസ് തുച്ഛമായ തുകയാക്കി.

റപ്പുമാർക്ക് പ്രവേശനമില്ല

വിലകുറഞ്ഞ ഗുണമേന്മയുള്ള മരുന്നുകളാണ് ഡോക്ടർ കുറിക്കുക. മരുന്നുകമ്പനികളുടെയും കോർപറേറ്റുകളുടെയും മോഹനവാഗ്ദാനങ്ങളിലൊന്നും ഡോക്ടർ വീഴാത്തതിനാൽ കമ്പനി പ്രതിനിധികളൊന്നും ആ പടി കയറാറില്ല. ലക്ഷങ്ങൾ വില വരുന്ന സമ്മാനങ്ങളിലോ ആഡംബര യാത്രകളിലോ കമീഷൻ വ്യവസ്ഥകളിലോ അദ്ദേഹത്തിന്‍റെ കണ്ണ് മഞ്ഞളിച്ചില്ല. ഇതറിയുന്നതിനാൽ മരുന്നുകമ്പനികളുടെ പ്രതിനിധികളാരും തന്നെ തേടിയെത്താറില്ല.

രോഗികളുടെ ജീവനും സമയവും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്‍റെ പ്രവർത്തനം. ജോലിക്കു പോകേണ്ട തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം സൗകര്യപ്രദമാകുന്ന വിധത്തിൽ പുലർച്ചയാണ് പരിശോധന.

പുലർച്ച തുടങ്ങുന്ന സേവനം

പുലർച്ച 2.15ന് എഴുന്നേൽക്കുന്നതോടെയാണ് ഡോക്ടറുടെ ഒരു ദിവസം ആരംഭിച്ചിരുന്നത്. നേരെ പശുത്തൊഴുത്തിലേക്ക്. തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പാൽ കറന്നെടുക്കും. ശേഷം കുളികഴിഞ്ഞ് പൂജാമുറിയിലേക്ക്.

അഞ്ചര മുതൽ പത്രം വായനയും പാൽ വിതരണവും. താണ മാണിക്ക ക്കാവിനടുത്ത വീട്ടിൽ രാവിലെ ആറര മുതൽ രോഗികളെത്തിത്തുടങ്ങും. കണ്ണൂക്കര സ്കൂളിന്‍റെ മുൻവശത്തെ വാടക വീട്ടിലും മുമ്പ് പരിശോധന നടത്തിയിരുന്നു.

മിക്ക ദിവസങ്ങളിലും എണ്ണം തൊണ്ണൂറും നൂറുമൊക്കെ കടക്കും. രാവിലെ 10 വരെ പരിശോധന നീളും. നേരത്തേ മരുന്ന് എടുത്തുകൊടുക്കാനും ടോക്കൺ വിളിക്കാനുമൊക്കെ സഹായിയുണ്ടായിരുന്നു. യൗവനകാലത്ത് ദിനേന മുന്നൂറും നാനൂറും രോഗികൾ ഡോക്ടറെ തേടിയെത്താറുണ്ട്. അന്ന് പുലർച്ച മൂന്നുമുതൽ പരിശോധന തുടങ്ങിയിരുന്നു. ഏറെക്കാലം ഭാര്യ ഡോ. ശകുന്തളയും പരിശോധനയിൽ സഹായിക്കാനുണ്ടായിരുന്നു. മകൻ ഡോ. ബാലഗോപാലും പിതാവിന്‍റെ വഴിയിൽതന്നെ.

ആരോഗ്യം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും ക്രമേണ കുറച്ചു. പരിശോധിക്കാൻ തീരെ വയ്യാതായതോടെയാണ് 80ാം വയസ്സിൽ ഇപ്പോൾ ഒ.പി നിർത്തുന്നത്. സേവനത്തിലൂടെ ലഭിക്കുന്ന സുഖം അതുവേറെയാണെന്ന് രൈരു ഗോപാൽ പറയുമ്പോൾ അതു മനസ്സറിഞ്ഞാണ്. അമ്പതിലേറെ വർഷം കണ്ണൂരുകാരുടെ ആരോഗ്യം കാത്ത ശേഷമാണ് ജനകീയ ഡോക്ടർ പരിശോധന നിർത്തിയത്.

എത്ര വലിയ സ്പെഷലിസ്റ്റ് ഡോക്ടർമാരെ കാണിച്ചാലും എത്ര നിലകളിൽ ഉയർത്തിയ ആഡംബര ആശുപത്രികളിൽ പോയാലും ലഭിക്കാത്തൊരു ആശ്വാസം കണ്ണൂരുകാർക്ക് രൈരു ഡോക്ടർ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsKerala NewsAK Rairu Gopal
News Summary - Kannur's 'two rupee doctor' A.K. Rairu Gopal passes away
Next Story