മാസ്ക് ധരിക്കാതെ കടയിൽവന്നു; മാസ്ക് ധരിപ്പിച്ച് നാട്ടുകാർ തിരിച്ചയച്ചു
text_fieldsഉരുവച്ചാൽ: മാസ്ക് ധരിക്കാതെ ടൗണിലെത്തിയ 70കാരനെ നാട്ടുകാർ തടഞ്ഞ് മാസ്ക് ധരിപ്പിച്ചു. ഉരുവച്ചാൽ ടൗണിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ദിവസവും മാസ്ക് ധരിക്കാതെ ടൗണിൽവരുന്നത് നാട്ടുകാർ എതിർത്തിരുന്നു. മാസ്ക് ധരിക്കാതെ ടൗണിൽ വരരുതെന്ന് പറഞ്ഞെങ്കിലും വ്യാഴാഴ്ച രാവിലെ ടൗണിലെ കടയിൽ വീണ്ടും എത്തിയപ്പോൾ തടയുകയായിരുന്നു.
ഇതേത്തുടർന്ന് അൽപനേരം വാക്കേറ്റം നടക്കുകയും മാസ്ക് ധരിച്ചു പോവുകയും ചെയ്തു. മാസ്ക് ധരിക്കാതെ വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവർക്ക് സാധനം നൽകരുതെന്ന് പൊലീസ് നിർദേശമുണ്ടെങ്കിലും പാലിക്കുന്നിെല്ലന്ന പരാതിയുയർന്നിട്ടുണ്ട്.
പ്രായമുള്ളവരാണ് ഏറെയും ശരിയായ രീതിയിൽ മാസ്ക് ധരിക്കാതെ ടൗണുകളിലും മറ്റും എത്തുന്നത്. പൊലീസിനെ ഭയന്ന് മാത്രം മാസ്ക് ധരിക്കുന്നവരും ഉണ്ട്. മാസ്ക് ധരിക്കാതെ ടൗണിൽ എത്തുന്നവർക്ക് പൊലീസിനുപുറമെ നാട്ടുകാരും നിർദേശം നൽകാൻ തുടങ്ങിയിട്ടുണ്ട്.
