തളിപ്പറമ്പ്: പരിയാരം വെള്ളാവിൽ മുസ്ലിം ലീഗ് പ്രവർത്തകനും ഭാര്യക്കുംനേരെ സി.പി.എമ്മുകാർ വംശീയ അധിക്ഷേപവും വർഗീയ പ്രചാരണവും നടത്തുന്നതായി ആരോപണം. സംഭവത്തിൽ വാർഡ് മെംബർ അടക്കമുള്ള സി.പി.എം നേതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി പി. സാജിദ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ആറിന് മുസ്ലിം ലീഗ് പ്രവർത്തകനായ വെള്ളാവിലെ പി. അബ്ദുൽ സലാം തെൻറ കടയടക്കാൻ ഒരുങ്ങുമ്പോൾ വാർഡ് മെംബറുടെയും ബ്രാഞ്ച് സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സി.പി.എമ്മുകാർ സംഘടിച്ചെത്തി ൈകയേറ്റവും ഭീഷണിപ്പെടുത്തലും നടത്തിയതായി അവർ ആരോപിച്ചു. ഇവിടെ ഇനി കട തുറക്കാൻ അനുവദിക്കില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി.
ഷട്ടറിനുനേരെ കല്ലെറിഞ്ഞു. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ അബ്ദുൽ ഖാദറിന് നേരെയും അമ്പതോളം വരുന്ന സംഘം ഭീഷണി മുഴക്കിയെന്നും സാജിദ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വനിത ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ കെ.പി. സൽമത്ത്, മുസ്ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് പുളുക്കൂൽ, സി. സുബൈർ എന്നിവരും പങ്കെടുത്തു.