പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിക്ക് വീടും സ്ഥലവും ഒഴിഞ്ഞുകൊടുത്ത കുടുംബങ്ങളെ മാറ്റി താമസിപ്പിച്ച കോളനിയിൽ മൂന്നര പതിറ്റാണ്ടിനു ശേഷവും അടിസ്ഥാന സൗകര്യങ്ങളില്ല. ടാറിട്ട റോഡ് ഉൾപ്പെടെ സൗകര്യങ്ങളുടെ അഭാവം കാരണം 25ഓളം കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണം. രാമന്തളി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലെ വട്ടപ്പറമ്പ് ചാൽ, ഹരിപുരം 10 സെൻറ് നാവിക അക്കാദമി പുനരധിവാസ കോളനിയിലെ കുടുംബങ്ങളാണ് യാത്രാ സൗകര്യങ്ങളും മറ്റുമില്ലാതെ ദുരിതത്തിലായത്.
ടാറിങ് നടത്താത്ത ചെറിയ പാതയുണ്ടെങ്കിലും കുഴിയും ചളിയും നിറഞ്ഞതിനാൽ യാത്ര ദുഷ്കരമാണ്. നാവിക അക്കാദമിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ ഈ സ്ഥലത്ത് പുനരധിവസിപ്പിക്കുമ്പോൾ സർക്കാറുകൾ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഗതാഗത സൗകര്യം.
എന്നാൽ, കുടിയൊഴിപ്പിക്കപ്പെട്ട് 35 വർഷം പിന്നിടുമ്പോഴും ഗതാഗത യോഗ്യമായ ഒരു റോഡെന്ന ഇവരുടെ സ്വപ്നം നീളുകയാണ്. ഓണപ്പറമ്പ ഹരിപുരത്തുനിന്നും 300 മീറ്റർ റോഡാണ് ടാർ ചെയ്യേണ്ടത്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവിൽ റോഡിന് അരിക് കെട്ടി മണ്ണിട്ടിരുന്നു. എന്നാൽ, മഴക്കാലമായതോടെ ചളി നിറഞ്ഞ് കാൽനടയാത്ര പോലും ദുരിതമായിരിക്കുകയാണ്.
വാർഡ് അംഗം പലതവണ സർക്കാർ ഫണ്ടുകൾക്കായി ശ്രമിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നു പറയുന്നു.
റോഡ് നിർമാണത്തിന് തുക കണ്ടെത്താൻ ഹാർബർ എൻജിനീയറിങ് വകുപ്പിന് വിടാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തിരുെന്നങ്കിലും പാതിവഴിയിൽ നിൽക്കുകയാണ്.
അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.