കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡില്ല
text_fieldsപഴയങ്ങാടി(കണ്ണൂർ): മാടായി പഞ്ചായത്ത് പരിധിയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. മുട്ടം വെള്ളച്ചാൽ സ്വദേശിയും മാടായി വാടിക്കൽ കടവിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ റിബിൻ ബാബുവിെൻറ (18) സ്രവ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്.
ഫലം നെഗറ്റിവ് ആയതിനാൽ മൃതദേഹം സംസ്കാരത്തിന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.
ചെെന്നെയിൽനിന്ന് മേയ് 21നാണ് റിബിൻ നാട്ടിലെത്തിയത്. മാടായി പുതിയങ്ങാടിയിലെ ക്വാറൻറീൻ സെൻററിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ശനിയാഴ്ച പനിയും ഛർദിയും ഉണ്ടായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു മരണം.
നിരീക്ഷണ കേന്ദ്രത്തിൽനിന്ന് ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ സ്രവ പരിശോധനയിൽ ഫലം നെഗറ്റിവ് ആയിരുന്നുവെങ്കിലും മരണപ്പെട്ടതോടെ വീണ്ടും സ്രവ പരിശോധന നടത്തുകയായിരുന്നു. ഈ ഫലവും നെഗറ്റിവ് ആയി. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള യുവാവിന് തലച്ചോറിലുള്ള അണുബാധയാണ് മരണകാരണമെന്നാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതരിൽനിന്നുള്ള വിശദീകരണം.
വെള്ളച്ചാലിലെ കൊയിലേരിയൻ തങ്കം- ബാബു ദമ്പതികളുടെ മകനാണ് റിബിൻ ബാബു. സഹോദരൻ: റിജിൻ ബാബു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
