ഗവർണർക്ക് രാഷ്ട്രീയവും നിയമവും അറിയാം; പഠിച്ചിട്ടു തന്നെയാകും തനിക്ക് നിയമനം നൽകിയതെന്ന് കണ്ണൂർ വി.സി
text_fieldsകണ്ണൂർ വി.സിയായി തനിക്ക് പുനർനിയമനം നൽകിയതിനെതിരെ നൽകിയ ഹരജി ഹൈകോടതി തള്ളിയതിനെ തുടർന്ന് പ്രതികരണവുമായി ഡോ. ഗോപിനാഥ് രവീന്ദ്രൻ. ചാൻസ്ലറായ ഗവർണർക്ക് രാഷ്ട്രീയവും നിയമവും മറ്റും കാര്യങ്ങളും അറിയുന്നതാണെന്നും അതുകൊണ്ട് പഠിച്ചിട്ടു തന്നെയാകും തന്‍റെ നിയമന ഉത്തരവിൽ ഒപ്പുവെച്ചിട്ടുണ്ടാകുക എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു ഉത്തരവ് പുറത്തിറക്കിയ ശേഷം വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ലെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. അല്ലെങ്കിൽ ഉത്തരവ് കാൻസൽ ചെയ്യുകയാണ് വേണ്ടത്. അങ്ങിനെയെങ്കിൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകിയത് സമ്മർദ്ദത്തെ തുടർന്നായിരുന്നുവെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസ്ലർ എന്ന നിലക്ക് ചാൻസലറായ ഗവർണർക്കെതിരെ പരസ്യമായി പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

