കണ്ണൂർ വി.സി ക്രിമിനലെന്ന് ഗവർണർ
text_fieldsന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ ക്രിമിനലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 2019ലെ കണ്ണൂർ ചരിത്ര കോൺഗ്രസിൽ തന്നെ കായികമായി നേരിടാൻ വി.സി ഒത്താശ ചെയ്തെന്നും പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബുമായി വി.സി ഡൽഹിയിൽ ഇതിനായി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഗവർണറുടെ ആരോപണം ഇർഫാൻ ഹബീബ് തള്ളി.
സി.പി.എം നേതാവ് കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിൽ കണ്ണൂർ വി.സി സി.പി.എം കേഡറിനെ പോലെ പ്രവർത്തിക്കുന്നുവെന്ന് ശനിയാഴ്ച പറഞ്ഞ ഗവർണർ, ഞായറാഴ്ച ഡൽഹി കേരള ഹൗസിൽ കുറെക്കൂടി കടുത്ത ആരോപണമാണ് ഉന്നയിച്ചത്. മാന്യതയുടെയും അക്കാദമിക അച്ചടക്കത്തിന്റെയും സകല സീമകളും കണ്ണൂർ വി.സി ലംഘിച്ചിരിക്കുകയാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. തന്നെ കായികമായി ആക്രമിക്കുന്നതിന് അദ്ദേഹം ഗൂഢാലോചന നടത്തി. ഗൂഢാലോചന നടന്നത് ഡൽഹിയിലാണെന്ന് പിന്നീട് തനിക്ക് ഉന്നത കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചു. ഒന്നുമറിയാത്ത ആളോ നിരക്ഷരനോ അല്ല വി.സി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ വി.സിക്കറിയില്ലേ? സംഭവം പൊലീസിന് റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ കടമയായിരുന്നില്ലേ? എന്നാൽ രാജ്ഭവൻ റിപ്പോർട്ട് അയക്കാനാവശ്യപ്പെട്ടിട്ടും അദ്ദേഹമതിന് വിസമ്മതിച്ചു.
കണ്ണൂരിൽ നടന്ന ദേശീയ ചരിത്ര കോൺഗ്രസിൽ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ഗവർണർ സംസാരിച്ചത് ചരിത്രകാരന്മാരുടെ പ്രതിഷേധത്തിൽ കലാശിച്ചിരുന്നു. സദസ്സിൽ നിന്നുള്ള മുദ്രാവാക്യങ്ങൾക്കിടെ വേദിയിലുണ്ടായിരുന്ന ചരിത്രകാരൻ ഇർഫാൻ ഹബീബും പ്രതിഷേധവുമായി ഗവർണറുടെ അടുത്തേക്ക് നീങ്ങി ഗവർണറുടെ എ.ഡി.സിയെ തള്ളി മാറ്റാൻ ഹബീബ് ശ്രമിച്ചിരുന്നു. എന്നാൽ ഏറെ വിവാദമായ സംഭവത്തെ കുറിച്ച് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനോട് റിപ്പോർട്ട് തേടിയപ്പോൾ അദ്ദേഹം ആ ആവശ്യം തിരസ്കരിച്ചത് ആദ്യമായാണ് ഗവർണർ പരസ്യമാക്കുന്നത്. ഇതേ വി.സിയെ വീണ്ടും വൈസ് ചാൻസലറാക്കാനുള്ള സംസ്ഥാന സർക്കാറിന്റെ ശിപാർശ ഗവർണർ അംഗീകരിച്ചിരുന്നു.
രാജ്ഭവനെ ഗവർണർ ഉപജാപ കേന്ദ്രമാക്കി -സി.പി.എം
തിരുവനന്തപുരം: അറിയപ്പെടുന്ന അക്കാദമീഷ്യനും ചരിത്രകാരനുമായ കണ്ണൂര്‍ സർവകലാശാല വൈസ് ചാൻസലറെ ക്രിമിനല്‍ എന്നുവിളിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. അറിയപ്പെടുന്ന ആർ.എസ്.എസുകാരെ ജീവനക്കാരായി നിയമിച്ച് സർക്കാറിനെതിരെയുള്ള ഉപജാപ കേന്ദ്രമാക്കി ഗവർണർ തന്റെ ഓഫിസിനെ മാറ്റിയെന്ന് സി.പി.എം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
എന്ത് ക്രിമിനല്‍ കുറ്റമാണ് വി.സി ചെയ്തതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഗവര്‍ണര്‍ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വി.സി. നിയമപരമായും മാന്യമായും മറുപടി പറയുന്നതിന് പകരം സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ പ്രതികരിക്കുന്നത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണം. ഗവര്‍ണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടന പദവിക്ക് നിരക്കാത്തതാണ്. ഗവര്‍ണര്‍ രാജ്ഭവനെ കേവലം ആര്.എസ്.എസ് ശാഖയുടെ നിലവാരത്തിലേക്ക് അധഃപതിപ്പിക്കുകയാണ്.
തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം സര്‍വസീമകളും ലംഘിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകള്‍ ആരെ പ്രീതിപ്പെടുത്താനുള്ളതാണെന്ന് ഗവര്‍ണറാണ് വ്യക്തമാക്കേണ്ടത്. ഈ ഭരണത്തിന് കീഴില്‍ ഔന്നത്യത്തിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റുമുട്ടാൻ സർക്കാറില്ല
കെ.എസ്. ശ്രീജിത്ത്
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരായ രൂക്ഷമായ പ്രസ്താവനക്കിടയിലും ഗവർണർ ആരിഫ് മുഹമ്മദ്ഖാനുമായി ഏറ്റുമുട്ടേണ്ടതില്ലെന്ന നിലപാടിലേക്ക് സർക്കാർ. സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നിയമഭേദഗതി നടപ്പ് നിയമസഭ സമ്മേളനത്തിൽ കൊണ്ടുവരാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇത് സി.പി.ഐ നേതൃത്വത്തെയും ധരിപ്പിച്ചു. തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതിയിലാവും അന്തിമ തീരുമാനം. തർക്കമുള്ള ഏത് വിഷയത്തിലും ചർച്ചയാവാമെന്നാണ് നിലപാട്.
സർവകലാശാല നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗവർണർ കടുത്ത പ്രസ്താവന നടത്തിയത്. എന്നാൽ സർക്കാറിന്റെ സമവായ നീക്ക സൂചന സി.പി.എം സെക്രട്ടേറിയറ്റിന്റെ ഞായറാഴ്ചത്തെ പ്രസ്താവനയിലാണ് വ്യക്തമായത്. വി.സിക്കെതിരായ പരാമർശം ഭരണഘടന പദവിക്ക് നിരക്കാത്തതാണെന്ന് വിമർശിക്കുമ്പോഴും സമവായപാത തുറന്നിടുകയാണ് സി.പി.എം.
2021 ഡിസംബർ 12ന് മുഖ്യമന്ത്രി നടത്തിയ വാർത്തസമ്മേളനം ഉദ്ധരിച്ചാണ് സി.പി.എം പ്രസ്താവന: 'ഗവര്‍ണറുമായി ഏറ്റുമുട്ടുക സര്‍ക്കാറിന്റെ നയമല്ല. ഗവര്‍ണര്‍ ഉന്നയിക്കുന്ന ഏത് വിഷയവും ചര്‍ച്ചയാകാം, അതിലൊന്നും പിടിവാശിയില്ല. ഗവര്‍ണര്‍ നിയമസഭ പാസാക്കിയ ചാന്‍സലര്‍ സ്ഥാനം ഉപേക്ഷിക്കരുത്. അദ്ദേഹം ചാന്‍സലര്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സര്‍ക്കാറിന്റെയും സര്‍വകലാശാലയുടെയും ശ്രമങ്ങള്‍ക്ക് മാര്‍ഗനിർദേശവും നേതൃത്വവും നല്കാന് ഉണ്ടാകണമെന്നാണ് വിനീതമായി അഭ്യര്‍ഥിക്കാനുള്ളത്'.
മുഖ്യമന്ത്രിയുടെ പ്രസ്താവന ഇടത് നയത്തിന്റെ ഭാഗമായിരുന്നെങ്കിലും തന്റെ പ്രവൃത്തിയിലൂടെ ഈ അഭ്യർഥനക്ക് അർഹനല്ലെന്ന് ഗവർണർ ബോധ്യപ്പെടുത്തിയെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു. ഗവർണറെ രണ്ട് തലത്തിൽ കൈകാര്യം ചെയ്യാനാണ് സി.പി.എം ധാരണ. ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കും. ഗവർണറുടെ രാഷ്ട്രീയ പ്രസ്താവനകൾക്ക് പാർട്ടിയും മുന്നണിയും മറുപടി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

