കണ്ണൂർ സർവകലാശാല മൂട്ട് കോർട്ട്: സുപ്രീംകോടതി ജഡ്ജിയെത്തില്ല
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല ഇന്റർനാഷനൽ മൂട്ട്കോർട്ട് പരിപാടിയുടെ ഉദ്ഘാടനത്തിന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി. രാമസുബ്രമണ്യം എത്തില്ല. ഉദ്ഘാടകനായി ക്ഷണം ലഭിച്ചെങ്കിലും കണ്ണൂർ സർവകലാശാല വി.സിയുടെ പുനർനിയമന കേസ് പരിഗണിക്കുന്ന പാനലിലെ ജഡ്ജിയായതിനാലാണ് ഇദ്ദേഹം എത്താത്തത്. സർവകലാശാലയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദേശീയ മുട്ട് കോർട്ട് കോമ്പറ്റീഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി അദ്ദേഹം അറിയിക്കുകയായിരുന്നു.
വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ അപ്പീൽ ഹരജി പരിഗണിക്കുന്ന ബെഞ്ച് കേസ് ചൊവ്വാഴ്ച വാദം കേൾക്കാൻ നിശ്ചയിച്ചിരുന്നു. എന്നാൽ, കേരള സർക്കാർ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച ജഡ്ജിമാരായ ജസ്റ്റിസ് വി. രാമസുബ്രമണ്യൻ, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ കേസ് ഏപ്രിൽ 13ലേക്ക് മാറ്റി.
കണ്ണൂർ സർവകലാശാല അധികൃതർ മാർച്ച് 14ന് കണ്ണൂർ യൂനിവേഴ്സിറ്റിയുടെ ഒരു പൊതുപരിപാടിയിൽ തന്നെ ക്ഷണിച്ചിരുന്നുവെന്നും ഈ അപ്പീൽ തന്റെ പരിഗണനയിലാണെന്നറിയാതെ പങ്കെടുക്കാൻ സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ പരിപാടിയിൽ താൻ പങ്കെടുക്കില്ലെന്ന് യൂനിവേഴ്സിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് രാമസുബ്രഹ്മണ്യൻ കോടതിയിൽ പറഞ്ഞു.
വി.സിയുടെ അപ്പീൽ പരിഗണിക്കുന്ന ജസ്റ്റിസിനെ സർവകലാശാല പരിപാടിയുടെ ഉദ്ഘാടനത്തിന് വി.സി ക്ഷണിച്ചത് കരുതിക്കൂട്ടിയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.യു നേതാവ് നേതാവ് പി. മുഹമ്മദ് ഷമ്മാസ്, വിഷയം ജസ്റ്റിസിന്റെ ശ്രദ്ധയിൽപെടുത്തണമെന്നും പരിപാടിയിൽനിന്നും വിട്ടുനിൽക്കണമെന്നും കാണിച്ച് സുപ്രീംകോടതി രജിസ്ട്രാർക്ക് നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

