കെ.യു.എൽ.എഫിന് തിരിതെളിഞ്ഞു
text_fieldsകണ്ണൂർ സർവകലാശാല ലിറ്ററേച്ചർ ഫെസ്റ്റ് സാഹിത്യകാരൻ ടി. പദ്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: 2022-23 വർഷത്തെ കണ്ണൂർ സർവകലാശാല യൂണിയന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ സർവകലാശാല ലിറ്ററേച്ചർ ഫെസ്റ്റിന് (കെ.യു.എൽ.എഫ്) സർവകലാശാലാ ആസ്ഥാനത്ത് തുടക്കമായി. താവക്കര ക്യാമ്പസിൽ നടന്ന ചടങ്ങ് സാഹിത്യകാരൻ ടി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി.
സർവകലാശാലാ സിൻഡിക്കേറ്റംഗവും കെ.യു.എൽ.എഫ് സംഘാടക സമിതി ചെയർപേഴ്സണുമായ എൻ. സുകന്യ ഫെസ്റ്റിന്‍റെ ലക്ഷ്യാവതരണം നിർവഹിച്ചു. ഡോ. റഫീഖ് ഇബ്രാഹിം പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, രജിസ്ട്രാർ പ്രഫ. ജോബി കെ. ജോസ്, സിൻഡിക്കേറ്റ് അംഗം ഡോ. രാഖി രാഘവൻ, വിദ്യാർഥി ക്ഷേമവിഭാഗം ഡയറക്ടർ ഡോ. ടി.പി. നഫീസ ബേബി, സംഘാടക സമിതി വൈസ് ചെയർമാൻ വിപിൻ രാജ് പായം, യുവജന ക്ഷേമബോർഡ് കണ്ണൂർ ജില്ല കോർഡിനറ്റർ വൈഷ്ണവ് മഹേന്ദ്രൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ടി.പി. അഖില അധ്യക്ഷത വഹിച്ചു. കെ.യു.എൽ.എഫ് സംഘാടക സമിതി ജനറൽ കൺവീനർ പി.എസ്. സഞ്ജീവ് സ്വാഗതവും സർവകലാശാല യൂണിയൻ വൈസ് ചെയർപേഴ്സൺ അനന്യ നന്ദിയും പറഞ്ഞു.
ആദ്യദിനമായ തിങ്കളാഴ്ച മൂന്ന് വേദികളിലായി 24 സെഷനുകൾ നടന്നു. സാഹിത്യകാരന്മാരായ സുഭാഷ് ചന്ദ്രൻ, വിനോയ് തോമസ്, ഗാനരചയിതാവ് മനു മഞ്ജിത്ത് എന്നിവരുൾപ്പെടെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി, മൂന്ന് വേദികളിലായി നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആയിരത്തിലധികം വിദ്യാർഥികളും അധ്യാപകരും പൊതുജനങ്ങളുമാണ് ഭാഗമാകുന്നത്. വ്യത്യസ്തമായ എഴുപത്തഞ്ചോളം സെഷനുകളിലായി 150 ഓളം അതിഥികളാണ് പങ്കെടുക്കുക. ലിറ്ററേച്ചർ ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി തമിഴ്നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിൻ സംബന്ധിക്കും. 29ന് വൈകീട്ട് നാലിനാണ് സമാപന സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

